ഡല്‍ഹിയില്‍ നാല്‍പ്പതില്‍ അധികം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; സന്ദേശം എത്തിയത് പണം ആവശ്യപ്പെട്ട്: കുട്ടികളെ തിരിച്ചയച്ചു

ഡല്‍ഹിയില്‍ നാല്‍പ്പതില്‍ അധികം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

Update: 2024-12-09 04:05 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല്‍പ്പതില്‍ അധികം സ്‌കൂളുകള്‍ക്ക് നേരെ അജ്ഞാതന്റെ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂള്‍ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്‌ഫോടനമുണ്ടായാല്‍ വലിയ നാശനഷ്ടമുണ്ടാകുമെന്നുമാണ് സന്ദേശങ്ങളിലുള്ളത്. പണം ആവശ്യപ്പെട്ടാണ് ഭീഷണി. ഇതോടെ സ്‌കൂളിലേക്കെത്തിയ കുട്ടികളെ തിരികെ അയച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. സന്ദേശമയച്ചയാളുടെ ഐപി അഡ്രസ് പരിശോധിക്കുകയാണ് പൊലീസ്.

ആര്‍കെ പുരത്തുള്ള ഡല്‍ഹി പബ്ലിക് സ്‌കൂള്‍, പശ്ചിം വിാഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്‌കൂള്‍ എന്നിവയ്ക്കു നേരെയാണ് ആദ്യം ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ തിരികെ വീട്ടിലേക്ക് അയയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നാല്‍പ്പതിലധികം സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചെന്ന വിവരം പുറത്തുവരുന്നത്. രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ ഭീഷണി സന്ദേശമെത്തി രണ്ടുമാസത്തിനു ശേഷമാണ് വീണ്ടും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലെ 2 സ്‌കൂളുകള്‍ക്കു നേരെയും ഹൈദരാബാദിലെ ഒരു സ്‌കൂളിന് നേരെയും അന്ന് ഭീഷണി സന്ദേശമെത്തിയിരുന്നു.

Tags:    

Similar News