ഗുരൂവായൂരിലെ ഹോട്ടല്‍ ഉടമയില്‍ നിന്നും 5000 രൂപ കൈക്കൂലി; അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വിജിലന്‍സ് പിടിയില്‍
ഗുരൂവായൂരിലെ ഹോട്ടല്‍ ഉടമയില്‍ നിന്നും 5000 രൂപ കൈക്കൂലി
തൃശൂര്‍: ഹോട്ടല്‍ ഉടമയില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി. കാക്കനാട് ലേബര്‍ ഓഫീസര്‍ കെ എ ജയപ്രകാശിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസറായിരിക്കെ നടത്തിയ നടത്തിയ ക്രമക്കേടിലാണ് അറസ്റ്റ്. പ്രതിയെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഹോട്ടലില്‍ താല്‍ക്കാലിക ജോലിക്കാര്‍ അധികമാണെന്നും നടപടികളില്‍ നിന്നും ഒഴിവാക്കിതരാമെന്നും പറഞ്ഞാണ് ഹോട്ടല്‍ ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയത്.
ഗുരൂവായൂര്‍ ക്ഷേത്ര പരിസരത്തെ ഹോട്ടലില്‍ ആഗസ്ത് 30ന് ലേബര്‍ ഓഫീസര്‍ കെ എ ജയപ്രകാശ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ താല്‍ക്കാലിക ജീവനക്കാര്‍ കൂടുതലാണെന്നും തന്നെ കാണേണ്ടുപോലെ കണ്ടാല്‍ എല്ലാം ശരിയാക്കി തരാമെന്നുമാണ് ഹോട്ടല്‍ മാനേജറോട് പറഞ്ഞത്. പിന്നീട് മാനേജറെ വിളിച്ച് പണം ആവശ്യപ്പെടുകയും നോട്ടീസ് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സെപ്തംബര്‍ പത്തിന് ലേബര്‍ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചു.
അതിന് ശേഷം മാനേജറെ വിളിച്ച് സെപ്തംബര്‍ 16ന് ഓഫീസില്‍ എത്തിയാല്‍ മതിയെന്ന് അറിയിച്ചു. ഓഫീസില്‍ എത്തിയപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 5000 രൂപ നിര്‍ബന്ധിച്ച് വാങ്ങുകയും ചെയ്തു. എന്നാല്‍ സെപ്തംബര്‍ 17ന് ചാവക്കാട് നിന്നും സ്ഥലം മാറ്റം ലഭിച്ച ജയപ്രകാശ് എറണാകുളം, കാക്കനാട് ലേബര്‍ ഓഫീസില്‍ ജോയിന്‍ ചെയ്തു. ഈ വിവരം മാനേജരില്‍ നിന്നും മറച്ചുവെച്ച് ബാക്കി തുകയായി 5000 രൂപ ആവശ്യപ്പെടുകയായിരുന്നു.
ഗൂഗിള്‍ പേ വഴി പണം നല്‍കാനാണ് ആവശ്യപ്പെട്ടത്. ഇതു സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ താന്‍ നേരിട്ട് വന്ന് പണം വാങ്ങിക്കൊള്ളാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ മാനേജര്‍ തൃശൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പ്രതിയെ കയ്യോടെ പിടികൂടുന്നത്.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.