കൊല്ലത്ത് നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; ആർക്കും പരിക്കില്ല; അപകടം കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ; ഒഴിവായത് വൻ ദുരന്തം
കൊല്ലം: നിർമാണത്തിലിരുന്ന പാലം തകർന്നു വീണതായി റിപ്പോർട്ടുകൾ. കൊല്ലം അയത്തിലിലാണ് സംഭവം നടന്നത്. ഹൈവേ വികസനത്തിന്റെ ഭാഗമായി ചൂരാങ്കൽ പാലത്തിന് അടുത്തായി നിർമ്മാണം നടക്കുന്ന പാലമാണിത്.
ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് അപകടം നടന്നത്. പാലത്തിൽ കോൺക്രീറ്റ് ജോലി പുരോഗമിക്കുന്നതിനിടെ ആയിരുന്നു അപകടം. അപകട സമയത്ത് നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും സംഭവത്തിൽ ആർക്കും പരിക്കില്ല. ഒഴിവായത് വൻ ദുരന്തമെന്ന് നാട്ടുകാർ പറഞ്ഞു.
കോൺക്രീറ്റ് ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ അപകടം നടക്കുന്ന സമയത്ത് പാലത്തിന് മുകളിൽ ഉണ്ടായിരിന്നു. പാലം താഴേക്ക് വീഴുന്ന സമയത്ത് ഈ തൊഴിലാളികൾ ഓടിമാറിയത് കൊണ്ട് വൻ ദുരന്തം ഒഴിവായി. പാലത്തിന്റെ നടുഭാഗം താഴേയ്ക്ക് അമർന്നു പോയി. ശബ്ദം കേട്ട് ഓടി എത്തിയപ്പോൾ പാലം താഴേക്ക് അമർന്ന് തകർന്നു വീഴുന്നതാണ് കണ്ടതെന്ന് പ്രദേശവാസികളിലൊരാൾ പറഞ്ഞു.