'പുറത്തിറങ്ങി വാടാ..'; എറണാകുളം ലക്ഷ്യമാക്കി കുതിച്ച ബസ്; പിന്നാലെ ഓട്ടോയിലെത്തിയ രണ്ടുപേരുടെ മുട്ടൻ ഷോ; സൈഡ് മിറർ അടക്കം അടിച്ചുപൊട്ടിച്ചു; ഒടുവിൽ പോലീസിന്റെ എൻട്രിയിൽ കീഴടങ്ങൽ
കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഓടുന്ന കെഎസ്ആർടിസി ബസിന് നേരെയും ഡ്രൈവർക്കെതിരെയും ആക്രമണം നടത്തിയ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെ മുളന്തുരുത്തി പളളിത്താഴം ജംഗ്ഷനിലാണ് സംഭവം നടന്നത്. വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ യുവാക്കൾ മദ്യലഹരിയിലായിരുന്നു. അരയങ്കാവ് സ്വദേശികളായ അഖിൽ, മനു എന്നിവരാണ് ആറൻമുളയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആക്രമിച്ചത്. യുവാക്കൾ ബസിന്റെ സൈഡ് മിറർ അടിച്ചു തകർത്തതായും ഡ്രൈവറെ കമ്പി വടി കൊണ്ട് അടിച്ചതായും പരാതിയുണ്ട്.
അഖിലും മനുവും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കെഎസ്ആർടിസി ബസിന് മാർഗ്ഗതടസ്സം സൃഷ്ടിക്കും വിധം ഓടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവസ്ഥലത്ത് വെച്ചുതന്നെ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇരുവരും എന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബസിനും ഡ്രൈവർക്കും നേരെയുണ്ടായ ആക്രമണത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ സാധ്യതയുണ്ട്.