നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാർ; ഞൊടിയിടയിൽ ഒരു സ്‌കൂട്ടറിലും ഓട്ടോയിലും ഇടിച്ചുകയറി; അപകടത്തിൽ ഒരാളുടെ കാലൊടിഞ്ഞു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ നിയന്ത്രണം വിട്ട് പാഞ്ഞ ആഢംബര ബിഎംഡബ്ല്യു കാർ സ്കൂട്ടറിലും ഓട്ടോറിക്ഷയിലും ഇടിച്ചു കയറി. അപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് കാലിന് ഗുരുതരമായി പരിക്കേറ്റു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാവിലെ 11.30-ഓടെ ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിന് എതിർവശത്തായിരുന്നു സംഭവം. അമ്പലപ്പുഴ ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് വന്ന കായംകുളം രജിസ്‌ട്രേഷനിലുള്ള ബിഎംഡബ്ല്യു കാറാണ് അപകടമുണ്ടാക്കിയത്. ആദ്യം മീൻ വിൽപനയ്ക്കായി എതിർദിശയിൽ പോവുകയായിരുന്ന ഇഹ്ജാസ് (22) എന്ന യുവാവ് ഓടിച്ച സ്കൂട്ടറിലാണ് കാറിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇഹ്ജാസിന്റെ കാലൊടിഞ്ഞു. പിന്നാലെ നിയന്ത്രണം വിട്ടു പാഞ്ഞ കാർ അതേ ദിശയിൽ സഞ്ചരിച്ച 'വെള്ളിമൂങ്ങ' ഓട്ടോറിക്ഷയിലും ഇടിച്ചാണ് നിന്നത്.
ഓട്ടോ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന മീനുകൾ റോഡിൽ ചിതറി ഗതാഗത തടസ്സമുണ്ടായി. പരിക്കേറ്റ ഇഹ്ജാസിനെ അപകടമുണ്ടാക്കിയ അതേ കാറിൽത്തന്നെയാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടസ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.