കൊല്ലത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു മരണം; മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

കൊല്ലത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു മരണം; മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

Update: 2025-01-04 23:59 GMT

കൊല്ലം: ചടയമംഗലത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി 11.30 ന് ആയിരുന്നു അപകടം. ചടയമംഗലം നെട്ടേത്തറയില്‍ വെച്ച് ടൂറിസ്റ്റ് ബസും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഉണ്ടായിരുന്നത് ഇതര സംസ്ഥാനക്കാരെന്നാണ് സൂചന. എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന തമിഴ്‌നാട് നാഗര്‍കോവില്‍ രാധാപുരം സ്വദേശികളായ ശരവണന്‍, ഷണ്മുഖന്‍ ആചാരി (70) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേരാണ ഗുരുതര പരിക്കോടെ ചികിത്സയിലുള്ളത്. അപകടം നടന്നയുടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സുകളിലായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ ഒരാള്‍ കൂടി മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ എന്ന കാര്യം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags:    

Similar News