'ഇത് ടോക്കിയോ ഡ്രിഫ്റ്റല്ല..ഇത് മാലൂർ ഡ്രിഫ്റ്റ്'; സ്കൂൾ ഗ്രൗണ്ടിൽ പൊടി പറത്തി കാറിൽ പിള്ളേരുടെ സാഹസിക പ്രകടനം; ദൃശ്യങ്ങൾ പകർത്തി പോസ്റ്റിട്ടു; കണ്ടതാകട്ടെ...സാക്ഷാൽ എംവിഡി; കേസെടുത്തു
മാലൂർ: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി കാണിച്ചത് പിള്ളേർക്ക് തലവേദനയായി. കണ്ണൂർ മാലൂരിലെ ഗവ.ഹയർസെക്കന്‍ററി സ്കൂൾ ഗ്രൌണ്ടിൽ അപകടകരമാം വിധം വാഹനമോടിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.
പിന്നാലെ മോട്ടോർ വാഹന വകുപ്പും പൊക്കി. സ്കൂൾ ഗ്രൌണ്ടിൽ രണ്ട് ഇന്നോവ കാറുകളുമായെത്തിയായിരുന്നു വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം.ദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം മോട്ടോർവാഹനവകുപ്പിന്റെ ശ്രദ്ധയിൽപെടുന്നത്.
രണ്ട് ഇന്നോവ കാറുകൾ കൊണ്ട് ഗ്രൌണ്ടിൽ ഡ്രിഫ്റ്റ് ചെയ്തും, അമിത വേഗതയിൽ ഓടിച്ചും പൊടിപാറിച്ചായിരുന്നു വിദ്യാർഥികളുടെ അഭ്യാസപ്രകടനം. മറ്റ് കുട്ടികളെയും ഗ്രൗണ്ടിൽ കാണാം. സാഹസികപ്രകടനം നടത്തിയ രണ്ട് കാറുകളും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചവരുടെ പേരിലും ആർസി ഉടമയുടെ പേരിലും കേസ് എടുത്തിട്ടുണ്ട്.