പാറ പൊട്ടിക്കുന്ന മെഷിന്‍ വാടകയ്ക്ക് എടുത്ത ശേഷം മടക്കി നല്‍കിയില്ല; വാടക ആറുലക്ഷം നല്‍കിയില്ല; പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ ഭീഷണിയും; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ദാസിനെതിരേ കേസ്

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ദാസിനെതിരേ കേസ്

Update: 2024-11-01 10:40 GMT

കോന്നി: സിപിഎം തുമ്പമണ്‍ ടൗണ്‍ സൗത്ത് ബ്രാഞ്ച് മുന്‍ സെക്രട്ടറി ബി. അര്‍ജുന്‍ദാസിനെതിരേ പോലീസ് വഞ്ചനാകേസ് രജിസ്റ്റര്‍ ചെയ്തു. പാറ പൊട്ടിക്കാനുപയോഗിക്കുന്ന യന്ത്രം വാടകയ്ക്ക് എടുത്തതിന് ശേഷം തിരിച്ചു നല്‍കുകയോ വാടക കൊടുക്കുകയോ ചെയ്യാതിരുന്നതിനാണ് കേസ്.

രാജസ്ഥാന്‍ സ്വദേശി കിഷന്‍ ലാലിന്റേതാണ് 15 ലക്ഷം രൂപ വില വരുന്ന മെഷിന്‍. 2021 ഏപ്രിലില്‍ പ്രതിമാസം ഒരു ലക്ഷം രൂപ വാടക വാഗ്ദാനം ചെയ്താണ് മെഷിന്‍ എടുത്തു കൊണ്ടു പോയത്. കഴിഞ്ഞ് മാസം വരെ മെഷീന്‍ തിരികെ നല്‍കിയില്ല. വാടക ഇനത്തില്‍ ലഭിക്കാനുളള ആറു ലക്ഷം നല്‍കാനും തയാറായിരുന്നില്ല. മെഷിന്‍ എങ്കിലും തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണി മുഴക്കിയെന്നാണ് പരാതി. ഭീഷണി ഏറിയതോടെ കിഷന്‍ ലാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് ഇരുകൂട്ടരെയും വിളിപ്പിച്ചു. അര്‍ജുന്‍ ദാസിനൊപ്പം സിഡബ്ല്യുസി അംഗമായ ഭാര്യ അഡ്വ. കാര്‍ത്തികയും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. കേസാകുമെന്ന് കണ്ടതോടെ മെഷിന്‍ ഇവര്‍ മാറ്റി. രാജസ്ഥാന്‍ സ്വദേശിയുടെ ഏക ഉപജീവന മാര്‍ഗമായ മെഷിനാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നിരിക്കുന്നത്. വിശ്വാസ വഞ്ചനയ്ക്കാണ് കോന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ അര്‍ജുന്‍ദാസ് പ്രതിയാണ്. തുമ്പമണ്‍ ടൗണ്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായിരിക്കേ കോണ്‍ഗ്രസ് നേതാവിന്റെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കിയത് അടക്കമുള്ള പരാതികളില്‍ പോലീസ് കേസെടുത്തിരുന്നു. ഇതോടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇയാളെ നീക്കം ചെയ്തു.

Tags:    

Similar News