സ്വവർഗാനുരാഗികളെ ആപ്പിലാക്കിയത് 'ഗ്രൈൻഡർ' വഴി; യുവാക്കളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ച് വരുത്തി കാത്തിരിക്കും; മർദിച്ചും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയും സ്വർണ്ണവും പണവും കവരും; തട്ടിപ്പ് സംഘം കുടുങ്ങിയത് ഇങ്ങനെ
ഹൈദരാബാദ്: ഹൈദരാബാദിൽ ഡേറ്റിംഗ് ആപ്പ് വഴി യുവാക്കളെ കെണിയിൽ വീഴ്ത്തി കവർച്ച നടത്തുന്ന ആറംഗ സംഘം പിടിയിൽ. ഏപ്രിൽ ആറിന് ഒരാൾ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുസുമ കാർത്തിക്, റാം രാജ, ബബ്ലു സിങ്, കണ്ടൂല സായ് തേജ, ഗാൻഡ്ല ശ്രാവൺ, മച്ചർല പവൻ കല്യാൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാളെക്കൂടി പിടികൂടാനുണ്ട്.
സ്വവർഗാനുരാഗികൾക്കായുള്ള 'ഗ്രൈൻഡർ' ആപ്പ് വഴിയാണ് സംഘം ഇരകളെ കണ്ടെത്തിയിരുന്നത്. ആപ്പിലൂടെ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുക്കും. തുടർന്ന് ഇവരെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയാണ് പതിവ്. ഇത്തരത്തിൽ എത്തിയ ഒരു യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘം, 15 ഗ്രാം സ്വർണ്ണമാല കവർന്നു.
ഇരകളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന ഇവർ, ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും തട്ടിയെടുക്കുന്നതാണ് രീതി. ചെന്നകേശവുലു പവൻ കല്യാൺ എന്നയാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇവർക്കെല്ലാം വാരങ്കൽ സ്വദേശികളാണെന്നും പലർക്കും മുൻപും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് അറിയിച്ചു. പരാതി ലഭിച്ച് നാല് ദിവസത്തിനകം പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതികളെ വലയിലാക്കിയത്.
ഇവരിൽ നിന്ന് ഒരു സ്വിഫ്റ്റ് ഡിസയർ കാർ, സ്‌കൂട്ടർ, ആറ് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ഹൈദരാബാദിലെ വിവിധയിടങ്ങളിൽ സമാനമായ രീതിയിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശ്രീധർ പറഞ്ഞു. "സമൂഹമാധ്യമങ്ങളും ഡേറ്റിംഗ് ആപ്പുകളും ഉപയോഗിക്കുമ്പോൾ യുവാക്കൾ അതീവ ജാഗ്രത പാലിക്കണം. അപരിചിതരെ വിശ്വസിക്കുകയോ വ്യക്തിവിവരങ്ങൾ കൈമാറുകയോ ചെയ്യരുത്." - പൊലീസ് മുന്നറിയിപ്പ്