വിവാഹവാഗ്ദാനം നൽകി പീഡനം, നിർബന്ധിത ഗർഭഛിദ്രം; പീഡനക്കേസിൽ നിന്ന് രക്ഷപ്പെടാൻ അഭിഭാഷകൻ ചമച്ച 'വ്യാജപരാതി' പൊളിച്ച് പോലീസ്; നിലമ്പൂർ സ്വദേശി റാഹിബിനെതിരെ കുറ്റപത്രം
കൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നിന്ന് രക്ഷപ്പെടാൻ യുവതിക്കെതിരെ വ്യാജപരാതി ചമച്ച അഭിഭാഷകനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം നിലമ്പൂർ സ്വദേശി കെ.വൈ. റാഹിബിനെതിരെയാണ് പോലീസ് നടപടി. പീഡനം, നിർബന്ധിത ഗർഭഛിദ്രം, തെളിവ് നശിപ്പിക്കൽ, ഭവനഭേദനം, മോഷണം എന്നീ ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവതി തന്നെ ആക്രമിച്ചെന്നും പണം തട്ടിയെന്നും കാട്ടി റാഹിബ് നൽകിയ പരാതി പച്ചക്കള്ളമാണെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ വ്യക്തമായി.
2025 ഏപ്രിൽ 9-ന് ജില്ലാ കോടതി പരിസരത്തെ ബാർ അസോസിയേഷനിൽ വെച്ച് പരാതിക്കാരിയും സുഹൃത്തുക്കളായ മുഹമ്മദ് യാസീൻ, ഫാസിൽ ഹാഷിം എന്നിവർ ചേർന്ന് തന്നെ ആക്രമിച്ചെന്നായിരുന്നു റാഹിബിന്റെ പരാതി. ഫോണും പണവും തട്ടിയെടുത്തു എന്നും ബൈക്ക് നശിപ്പിച്ചു എന്നും ഇയാൾ ആരോപിച്ചിരുന്നു. ലോക്കൽ പോലീസ് അന്വേഷണം ശരിയല്ലെന്ന് ആരോപിച്ച് റാഹിബ് തന്നെ ഹൈക്കോടതിയെ സമീപിച്ച് കമ്മീഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഉത്തരവ് വാങ്ങി. എന്നാൽ ഈ അന്വേഷണമാണ് റാഹിബിന്റെ വാദങ്ങളെല്ലാം പൊളിച്ചടുക്കിയത്.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിയുടെ വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന നിർണ്ണായക വസ്തുതകളാണ് പുറത്തുവന്നത്. പ്രതിയും യുവതിയും തമ്മിൽ യാതൊരുവിധ റിയൽ എസ്റ്റേറ്റ് ബിസിനസ് ബന്ധങ്ങളും ഉണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ യുവതി ഫോൺ വാങ്ങുന്നത് കണ്ടെങ്കിലും, അത് താൻ മുൻപ് ഉപയോഗിക്കാൻ നൽകിയ ഫോൺ തിരികെ വാങ്ങിയതാണെന്ന് ബില്ലുകൾ സഹിതം യുവതി തെളിയിച്ചതോടെ ഫോൺ തട്ടിപ്പല്ലെന്ന് വ്യക്തമായി. ബൈക്കിന്റെ വയറിംഗ് നശിപ്പിച്ചു എന്ന പരാതിയും വ്യാജമാണെന്ന് തെളിഞ്ഞു.
സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ബൈക്ക് സർവീസ് സെന്ററിൽ എത്തിച്ചതെന്നും, അവിടെ എത്തിക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങളിലാണ് വയറുകൾ മുറിച്ചതെന്നും ജീവനക്കാർ മൊഴി നൽകി. കൂടാതെ, യുവതിയോടൊപ്പം ചേർന്ന് തന്നെ ആക്രമിച്ചു എന്ന് റാഹിബ് ആരോപിച്ച മുഹമ്മദ് യാസീൻ ആ ദിവസം ഇന്ത്യയിൽ പോലുമില്ലായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചതോടെ പ്രതിയുടെ പരാതി പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് ഉറപ്പായി. യുവതിയെയും മറ്റ് രണ്ടു പേരെയും പ്രതികളാക്കി നൽകിയ വ്യാജക്കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
