കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ കേരളത്തിലും അന്വേഷണം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും; പരാതി ലഭിച്ചെങ്കിലും എം വി ഗോവിന്ദനും മന്ത്രി ശിവന്‍കുട്ടിക്കുമെതിരെ കേസെടുക്കില്ല; പ്രായം തെളിയിക്കുന്നതിനായി വ്യാജരേഖകള്‍ നിര്‍മിച്ചതില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു മധ്യപ്രദേശ് പോലീസും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ കേരളത്തിലും അന്വേഷണം

Update: 2026-04-12 04:19 GMT

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരമായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രായപൂര്‍ത്തി വിവാദത്തില്‍ കേരളത്തിലും അന്വേഷണം. വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുക. ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ഇടപെടുകയും ചെയ്തതോടെയാണ് വിവാഹത്തില്‍ അന്വേഷണം നടക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ഉയര്‍ന്ന പരാതികള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് അന്വേഷിക്കും. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി എഡിജിപിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ നേതൃത്വം നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, എ.എ റഹീം തുടങ്ങിയവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ആര്‍ക്കെതിരെയും ഉടന്‍ കേസെടുത്തേക്കില്ല. വിഷയത്തില്‍ വിശദമായ പരിശോധനകള്‍ക്കും എഡിജിപിയുടെ റിപ്പോര്‍ട്ടിനും ശേഷമേ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുകയുള്ളൂ. തിരുവനന്തപുരത്ത് വെച്ച് നടന്ന വിവാഹത്തില്‍ ആധാര്‍ അടക്കമുള്ള രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന വിശ്വാസത്തിലാണ് ചടങ്ങുകള്‍ നടത്തിയതെന്നാണ് അന്ന് നല്‍കിയിരുന്ന വിശദീകരണം.

കേസില്‍ മധ്യപ്രദേശ് പൊലീസും അന്വേഷണം കര്‍ശനമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി മധ്യപ്രദേശ് പൊലീസ് ഇതിനോടകം രേഖപ്പെടുത്തി. പ്രായം തെളിയിക്കുന്നതിനായി വ്യാജരേഖകള്‍ നിര്‍മിച്ചതില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. മഹേശ്വര്‍ മുന്‍സിപ്പാലിറ്റിയിലെയും ആശുപത്രിയിലെയും രേഖകളില്‍ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ കൂടുതല്‍ പേരെ കേസില്‍ പ്രതിചേര്‍ക്കാന്‍ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്.

ദേശീയ പട്ടികഗ്ഗ കമ്മീഷന്റെ കണ്ടെത്തല്‍ പ്രകാരം, വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് 16 വയസ് മാത്രമായിരുന്നു പ്രായം. മധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ പ്രകാരം 2009 ഡിസംബര്‍ 30നാണ് കുട്ടി ജനിച്ചത്. ഈ കണ്ടെത്തല്‍ വസ്തുതാപരമാണെന്ന് തെളിഞ്ഞാല്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ക്കും, വിവാഹത്തിന് നേതൃത്വം നല്‍കിയവര്‍ക്കുമെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേരള പൊലീസിന് കേസെടുക്കേണ്ടി വരും.

ഏപ്രില്‍ 22ന് മുന്‍പായി കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും, നേരിട്ട് ഹാജരാകാനും കേരളത്തിലെയും മധ്യപ്രദേശിലെയും പൊലീസ് മേധാവികള്‍ക്ക് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങള്‍ അന്വേഷണം വേഗത്തിലാക്കിയിരിക്കുന്നത്.

പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയും ഫര്‍മാന്‍ ഖാനും വിവാഹിതരായത്. ചടങ്ങില്‍ സി.പി.എം നേതാക്കള്‍ പങ്കെടുത്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനിടെ, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മധ്യപ്രദേശ് പൊലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. വിഷയത്തില്‍ കേരള, മധ്യപ്രദേശ് ഡി.ജി.പിമാരോട് ഏപ്രില്‍ 22-ന് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കമുള്ള നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എം.വി. ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, എ.എ. റഹീം എം.പി എന്നിവര്‍ക്കെതിരെ പോക്സോ, ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദാണ് കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ 13 ദിവസം വീട്ടില്‍ താമസിപ്പിച്ച തിരുവനന്തപുരം സ്വദേശി ജയകുമാറിനെതിരെയും പരാതിയുണ്ട്.

Tags:    

Similar News