ചിത്തിരപുരത്ത് റിസോർട്ടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ തൊഴിലാളികൾ മരിച്ച സംഭവം; സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല, സ്റ്റോപ്പ് മെമോ ലംഘിച്ചു; ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്

Update: 2025-09-18 07:03 GMT

ഇടുക്കി: ചിത്തിരപുരത്ത് റിസോർട്ടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകളായ ദമ്പതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. എറണാകുളം സ്വദേശികളായ ഷെറിൻ അനില ജോസഫ്, ഭർത്താവ് സെബി പി ജോസഫ് എന്നിവരെയാണ് കേസിലെ ഒന്നും രണ്ടും പ്രതികളാക്കിയിരിക്കുന്നത്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നൽകിയ സ്റ്റോപ്പ് മെമോ ലംഘിച്ചുമാണ് നിർമ്മാണം നടത്തിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ചിത്തിരപുരം ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ഏകദേശം ഇരുപതടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തിയാണ് ഇവിടെ നിർമ്മിച്ചു കൊണ്ടിരുന്നത്. നിർമ്മാണ സ്ഥലത്തിന്റെ മുകൾഭാഗം ടാർപോളിൻ ഉപയോഗിച്ച് മറച്ചിരുന്നു. ഇതിന് താഴെ നിന്നാണ് വൻതോതിൽ മണ്ണ് ഇടിഞ്ഞു വീണത്. അപകടത്തെ തുടർന്ന് മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി. സമീപത്തുണ്ടായിരുന്ന തൊഴിലാളികളുടെ സഹായത്തോടെയാണ് മണ്ണ് മാറ്റി മൃതദേഹങ്ങൾ പുറത്തെടുത്തത്.

അപകടസ്ഥലത്ത് പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തി. സുരക്ഷാ വീഴ്ചകളാണ് മരണങ്ങൾക്ക് ഇടയാക്കിയതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടൻ നിയമനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

Tags:    

Similar News