വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ മദ്യ കുപ്പി കൊണ്ട് തലക്കടിച്ചു; ഗുരുതര പരിക്ക്; വധശ്രമത്തിന് കേസെടുത്ത് പോലീസ്
അഞ്ചൽ: 25കാരനെ മദ്യ കുപ്പി കൊണ്ടടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്. ഏരൂർ നെട്ടയം പാലോട്ടുകോണം ചരുവിള പുത്തൻവീട്ടിൽ ജഗേഷ് (25) നാണ് പരിക്കേറ്റത്. അടിയേറ്റ് തലപൊട്ടുകയും ഭാഗികമായി കേൾവി ശക്തി നഷ്ടപ്പെടുകയും ചെയ്ത യുവാവ് ആശുപത്രിയിൽ. ഏ വിളക്കുപാറ സ്വദേശി ലിനുവിനെതിരെയാണ് വധശ്രമത്തിന് ഏരൂർ പോലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. വിളക്കുപാറ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് ജഗേഷിനെതിരെ അക്രമമുണ്ടായത്. ഒന്നരക്കൊല്ലം മുമ്പ് ജഗേഷിന്റെ ജ്യേഷ്ഠനും പ്രതി ലിനുവും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഈ സംഭവത്തിന് ശേഷം ഇവർ തമ്മിൽ അകൽച്ചയിലായിരുന്നു. പ്രശ്നം പരിഹരിക്കാൻ ജഗേഷ് മധ്യസ്ഥത വഹിച്ചിരുന്നു.
ടൈൽസ് പണിക്കാരനായ ജഗേഷ് തൊഴിൽ സംബന്ധമായ ആവശ്യത്തിനായി വിളക്കുപാറയിലെത്തി. തുടർന്ന് ലിനുവുമായി വാക്കേറ്റമുണ്ടായി. പിന്നാലെ ലിനു കൈയിലിരുന്ന മദ്യകുപ്പി കൊണ്ട് ജഗേഷിന്റെ തലക്കടിക്കുകയായിരുന്നു. എന്നാൽ, കൈകൊണ്ട് തടഞ്ഞതിനാൽ ചെവിയോട് ചേർന്ന ഭാഗത്താണ് അടിയേറ്റ് പൊട്ടിയത്. പരിക്കേറ്റ ജഗേഷിനെ ഉടൻതന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് പുനലൂർ താലൂക്കാശുപത്രിയിലും ഇവിടെ നിന്നും വിദഗ്ദ്ധ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ ജഗേഷിനെ പുനലൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതി ലിനു ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.