സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു; കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വർദ്ധിപ്പിക്കുന്നു; സർക്കാർ ഇടപെട്ടില്ലെങ്കിൽ പ്രതിഷേധത്തിലേക്കെന്ന് ചെറുകിട വ്യാപാരികള്‍
കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചി വിലയിൽ വൻ വർദ്ധനവ്. രണ്ടാഴ്ചയ്ക്കിടെ കിലോയ്ക്ക് 90 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. വൻകിട ഫാമുടമകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വർധിപ്പിക്കുകയാണെന്ന് ആരോപിക്കുന്ന ചെറുകിട വ്യാപാരികൾ, സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകി. രണ്ടാഴ്ച മുൻപ് കോഴിക്കോട് ബ്രോയിലർ കോഴിയിറച്ചിക്ക് കിലോയ്ക്ക് 200 രൂപയായിരുന്നത് ഇപ്പോൾ 290 രൂപയായി വർദ്ധിച്ചു.
ലഗോൺ കോഴിയിറച്ചിക്ക് കിലോയ്ക്ക് 230 രൂപയും സ്പ്രിങ് കോഴിയിറച്ചിക്ക് 340 രൂപയുമാണ് നിലവിലെ വില. വരും ദിവസങ്ങളിലും വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വൻകിട ഫാമുടമകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ചാണ് വില വർദ്ധിപ്പിക്കുന്നതെന്നാണ് വ്യാപാരികളുടെ പ്രധാന ആരോപണം.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും, പുതുവത്സര ദിനത്തിൽ കോഴിയിറച്ചി വിൽപ്പനയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു എന്ന കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. വിലക്കയറ്റം ഇതേ രീതിയിൽ തുടർന്നാൽ ഉപഭോക്താക്കൾ വലിയ പ്രതിസന്ധി നേരിടുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. സിവില്‍ സപ്ലൈസ് വിഭാഗം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് കോഴിക്കോട്ടെ ചിക്കൻ വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെടുന്നത്. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കട അടപ്പ് സമരത്തിലേക്ക് നീങ്ങുമെന്നും സമിതി മുന്നറിയിപ്പ് നൽകി.