തീവണ്ടിയുടെ ശൗചാലയത്തില്‍ നാലര വയസ്സുകാരി കുടുങ്ങി; പൂട്ട് പൊളിച്ച് പുറത്തെത്തിച്ച് അധികൃതര്‍

തീവണ്ടിയുടെ ശൗചാലയത്തില്‍ നാലര വയസ്സുകാരി കുടുങ്ങി; പൂട്ട് പൊളിച്ച് പുറത്തെത്തിച്ച് അധികൃതര്‍

Update: 2024-10-04 01:49 GMT

കണ്ണൂര്‍: ഏറനാട് എക്‌സ്പ്രസിന്റെ ശൗചാലയത്തിനുള്ളില്‍ നാലരവയസ്സുള്ള പെണ്‍കുട്ടി കുടുങ്ങി. ടവര്‍ ബോള്‍ട്ട് തുറക്കാനാകാത്തതായിരുന്നു കാരണം. വ്യാഴാഴ്ച രാവിലെ 9.20-ന് മംഗളൂരു-തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസിലാണ് സംഭവം. 20 കിലോമീറ്ററോളം ദൂരം പേടിച്ച് നിലവിളിച്ച കുട്ടിയെ പൂട്ട് പൊളിച്ച് പുറത്തെത്തിച്ചു.

പഴയങ്ങാടി സ്റ്റേഷനില്‍നിന്ന് പിന്നിലെ ജനറല്‍ കോച്ചില്‍ ഹിന്ദി സംസാരിക്കുന്ന കുടുംബത്തോടൊപ്പമാണ് കുട്ടി കയറിയത്. ഒറ്റയ്ക്ക് ശൗചാലയത്തില്‍ പോയ കുട്ടി ഉള്ളില്‍ കയറി വാതില്‍ ബോള്‍ട്ടിട്ടു. പിന്നിട് വാതില്‍ തുറക്കാനാകാതെ കുട്ടി നിലവിളിച്ചു. പുറത്ത് രക്ഷിതാക്കളുടെ കരച്ചിലായി. ഇവരുടെ വെപ്രാളം കണ്ട് യാത്രക്കാരിയായ എം. ലിജ ട്രെയിന്‍ ടൈം അലര്‍ട്ട് ഗ്രൂപ്പ് അഡ്മിന്‍ സുരേഷ് കണ്ടങ്കാളിക്ക് ശബ്ദസന്ദേശം അയച്ചു. ഇതേ വണ്ടിയിലുണ്ടായിരുന്ന സുരേഷ് ഉടന്‍ കണ്ണൂര്‍ റെയില്‍വെ സംരക്ഷണസേനയെയും റെയില്‍വേ പോലീസിനെയും അറിയിച്ചു. റെയില്‍ മദദ് വഴിയും പരാതി അയച്ചിരുന്നു. വണ്ടി 9.52-ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ അധികൃതര്‍ കാത്തുനിന്നിരുന്നു. മെക്കാനിക്കല്‍ വിഭാഗം പൂട്ടുപൊളിച്ച് കുട്ടിയെ പുറത്തെത്തിച്ചു.

വ്യാഴാഴ്ച രാവിലെ 11.45-ന് മംഗളൂരു-കോയമ്പത്തൂര്‍ എക്സ്പ്രസിലും (16324) ഒരു കുട്ടി ശൗചാലയത്തില്‍ കുടുങ്ങി. വണ്ടി കണ്ണൂര്‍ എത്തുന്നതിന് മുമ്പായിരുന്നു സംഭവം. കുറെ പരിശ്രമിച്ച് കുട്ടി തന്നെ വാതില്‍ തുറന്ന് പുറത്തെത്തി.

Tags:    

Similar News