യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചു; ഒഡിഷ സ്വദേശി പോലീസ് പിടിയില്‍
കല്പറ്റ: യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ച കേസില്‍ ഒഡിഷ സ്വദേശിയെ പൊലീസ് പിടികൂടി. സുപര്‍നപുര്‍ ജില്ലയിലെ ലച്ചിപുര്‍ ബുര്‍സാപള്ളി സ്വദേശി രഞ്ജന്‍ മാലിക് (27) ആണ് അറസ്റ്റിലായത്. വയനാട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തമിഴ്നാട്ടില്‍ ജോലി ചെയ്തിരുന്ന സമയത്ത് പ്രണയ വാഗ്ദാനം നല്‍കി സ്വകാര്യദൃശ്യങ്ങള്‍ കൈവശപ്പെടുത്തിയ ഇയാള്‍, പിന്നീട് ഒഡിഷയിലേക്ക് മടങ്ങിയ ശേഷമാണ് കൂടുതല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. വിസമ്മതിച്ചതോടെ മുമ്പ് കൈവശം വച്ചിരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഒഡിഷയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. മാവോവാദി സ്വാധീനമുള്ള പ്രദേശത്തെത്തിയ പൊലീസ്, ഒഡിഷ പോലീസിന്റെ സഹായത്തോടെ വീട് വളഞ്ഞാണ് അറസ്റ്റ് നടത്തിയത്. കേസില്‍ എഎസ്ഐമാരായ കെ. റസാഖ്, പി.പി. ഹാരിസ്, സിപിഒമാരായ എല്‍.എ. ലിന്‍രാജ്, അരുണ്‍ അരവിന്ദ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു.