യുവതിയോട് പൂവ് വേണോയെന്ന് ചോദിച്ചതിനെ ചൊല്ലി തർക്കം; കൽപ്പാത്തിയിൽ വ്യാപാരികളും യുവാക്കളും തമ്മിൽ സംഘർഷം; 3 പേർക്ക് കുത്തേറ്റു
By : സ്വന്തം ലേഖകൻ
Update: 2025-08-10 14:06 GMT
പാലക്കാട്: കൽപ്പാത്തിയിൽ വ്യാപാരികളും യുവാക്കളും തമ്മിൽ സംഘർഷം. 3 പേർക്ക് കത്രിക കൊണ്ട് കുത്തേറ്റു. തോണിപ്പാളയം സ്വദേശി വിഷ്ണു (22), സുന്ദരം കോളനി സ്വദേശികളായ ഷാജി (29), ഷമീർ (31) എന്നിവർക്കാണ് കുത്തേറ്റത്. ആക്രമണം നടത്തിയ മുണ്ടൂർ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തുക്കൾക്കായി അന്വേഷണം ആരംഭിച്ചതായി പാലക്കാട് ടൗൺ നോർത്ത് പോലീസ് അറിയിച്ചു.
കൽപ്പാത്തി കുണ്ടംമ്പലത്തിന് സമീപത്ത് വെച്ചായിരുന്നു സംഘർഷം. അമ്പലത്തിൽ എത്തിയ യുവതിയോട് പൂവ് വേണോയെന്ന് പൂക്കച്ചവടക്കാരനായ യുവാവ് ചോദിച്ചതിനെ ചൊല്ലിയായിരുന്നു സംഘർഷമെന്ന് പോലീസ് പറയുന്നു. കുത്തേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരുടേയും പരിക്ക് സാരമുള്ളതല്ല.