രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ അവയവമാറ്റ ശസ്ത്രക്രിയാ ഇന്‍സ്റ്റിറ്റ്യൂട്ടിന് കോഴിക്കോട് മുഖ്യമന്ത്രി തറക്കല്ലിട്ടു; കിഫ്ബി വഴി 643.88 കോടി രൂപ ചെലവിട്ട് പദ്ധതി യാഥാര്‍ഥ്യമാക്കും
രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ അവയവമാറ്റ ശസ്ത്രക്രിയാ ഇന്‍സ്റ്റിറ്റ്യൂട്ടിന് കോഴിക്കോട് മുഖ്യമന്ത്രി തറക്കല്ലിട്ടു
കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ അവയവമാറ്റ ശസ്ത്രക്രിയാ ഇന്‍സ്റ്റിറ്റ്യൂട്ടിന് കോഴിക്കോട് ചേവായൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കല്ലിട്ടു. ലോകത്തിലെ തന്നെ മൂന്നാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും ഇത്തരത്തിലുള്ള വിപുലമായ ചികിത്സാ-ഗവേഷണ കേന്ദ്രമാകും ഇതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
കിഫ്ബി വഴി 643.88 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവയവ തകരാര്‍ ബാധിച്ചവരുടെ പ്രാഥമിക ചികിത്സ മുതല്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളും തുടര്‍പരിചരണവും പുനരധിവാസവും വരെ ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാധ്യമാകും. കൂടാതെ ചികിത്സയ്ക്ക് പുറമെ ഗവേഷണം, അധ്യാപനം, വിദഗ്ധ പരിശീലനം എന്നിവയ്ക്കും ഇവിടെ പ്രത്യേക പ്രാധാന്യം നല്‍കും.
സ്വകാര്യ മേഖലയില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന അവയവമാറ്റ ശസ്ത്രക്രിയകള്‍ സാധാരണക്കാര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന വലിയ സാമൂഹിക പ്രതിബദ്ധതയും ഈ പദ്ധതിക്കുണ്ട്. ചേവായൂരിലെ 20 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണം ആരംഭിച്ച ഈ സ്ഥാപനം മുപ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായി വിദേശരാജ്യങ്ങളെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കുന്ന പ്രവണതയ്ക്ക് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് വരുന്നതോടെ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.