'ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ അതുല്യമായ പങ്കുവഹിച്ചയാൾ'; ശത്രു വര്‍ഗത്തിന്റെ ആക്രമണത്തില്‍ പതറാതെ നിലപാടുകള്‍ സ്വീകരിച്ചു; വിഎസിന്റെ വിയോഗം സിപിഐഎമ്മിന് കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Update: 2025-07-23 17:32 GMT

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യുണിസ്റ് നേതാവുമായ വി.എസിന്റെ വിയോഗം സിപിഐഎമ്മിന് കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ വി.എസ്. അച്യുതാനന്ദന്റെ സംസ്‌കാരച്ചടങ്ങുകള്‍ പൂർത്തിയായതിനു പിന്നാലെ നടന്ന അനുശോചന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ അതുല്യമായ പങ്കുവഹിച്ചവരില്‍ ഒരാളാണെന്നും ശത്രു വര്‍ഗത്തിന്റെ ആക്രമണത്തിന് മുന്നില്‍ ഒട്ടും പതറാതെ നിലപാടുകള്‍ സ്വീകരിച്ച നേതാവാണ് വി.എസ്സെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെയും ജനാധിപത്യ ശക്തികള്‍ക്കും വലിയ നഷ്ടമാണ് വി.എസിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ഇടചേര്‍ന്ന് ജീവിച്ചയാളാണ്. പുതിയ കേരളത്തിന്റെ തുടര്‍ച്ചയ്ക്ക് വി എസ് നല്‍കിയത് വലിയ സംഭാവനയാണ്. സര്‍ സി.പിക്കു നേരെ 'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ഐതിഹാസിക സമരം നടത്തിയ പുന്നപ്ര-വയലാര്‍ സമരവുമായി അഭേദ്യമായി ബന്ധപ്പെട്ടു നില്‍ക്കുന്നതായിരുന്നു വിഎസിന്റെ ജീവിതം. തൊഴിലാളി സംഘടനയെയും കര്‍ഷക പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം, മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ സംഭാവന നല്‍കിയ നേതാക്കളിലൊരാളാണ് അദ്ദേഹം. ശത്രു വര്‍ഗത്തിന്റെ ആക്രമണത്തിന് മുന്നില്‍ ഒട്ടും പതറാതെ നിലപാടുകള്‍ സ്വീകരിച്ചു. അധഃസ്ഥിത വിഭാഗത്തോട് ചേര്‍ന്നുള്ള നടപടികളാണ് വി.എസിന്റെ ഭാഗത്തുനിന്നുണ്ടായത്. മുഖ്യമന്ത്രി എന്ന നിലയിലും കേരളത്തിന്റെ വികസനകാര്യങ്ങളില്‍ പ്രധാന പങ്ക് വഹിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോയി നേതൃനിരയില്‍ അസാമാന്യ മികവ് തെളിയിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വി എസിന്റെ വിയോഗം സിപിഐഎമ്മിന് ഏറ്റവും കനത്ത നഷ്ടമാണ്.

ഇന്നത്തെ വര്‍ഗീയതയുടെ ആപത്ത് നിലനില്‍ക്കുന്ന കാലം. ജനാധിപത്യ സംവിധാനങ്ങള്‍ക്ക് ആകെ ആപത്ത് വന്നുകൊണ്ടിരിക്കുന്ന കാലം. അത്തരം ഘട്ടത്തിലാണ് വി എസിന്റെ വിയോഗം അനുഭവിക്കേണ്ടി വന്നത്. ജീവിതം മുഴുവന്‍ പോരാട്ടമാക്കി മാറ്റിയ നേതാവായിരുന്നു വി.എസെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. വി.എസുമായി നമുക്കെല്ലാവര്‍ക്കും ഒരുപാട് ഓര്‍മകളുണ്ട്. ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഭാഗമായി നടത്തിയ പോരാട്ടങ്ങളിലൂടെയാണ് വി.എസ്. ഉണ്ടായത്. പോരാട്ടത്തിലൂടെ അവകാശം നേടിയെടുക്കാന്‍ കര്‍ഷകത്തൊഴിലാളികളെ പഠിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. കര്‍ഷകത്തൊഴിലാളികള്‍ക്ക് സംഘടനയുണ്ടാക്കി. അടിമസമാനമായ ജീവിതത്തില്‍നിന്ന് അവകാശം ചോദിച്ചുവാങ്ങാന്‍ കഴിയുന്നവരാക്കി കര്‍ഷകരെ മാറ്റിയത് വിഎസാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News