ജോലിക്കിടെ വിശ്രമിച്ച മധ്യവയസ്കന്റെ കഴുത്തിൽ തണുപ്പ് അനുഭവപ്പെട്ടു; ഞെട്ടി എഴുന്നേറ്റപ്പോൾ കഴുത്തിൽ മൂർഖൻ പാമ്പ്; തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളി രക്ഷപ്പെട്ടത് അത്ഭുതകരമായി

Update: 2025-01-08 08:55 GMT

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിച്ച മധ്യവയസ്കന്റെ കഴുത്തിൽ മൂർഖൻ പാമ്പ് ചുറ്റി. തിരുവനന്തപുരം കാരിക്കോണം സെന്‍റ് ജോസഫ് പള്ളിക്ക് സമീപത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വെള്ളനാട് കടിയൂർകോണം സിഎൻ ഭവനിൽ സി ഷാജി (51) കഴുത്തിലാണ് പാമ്പ് ചുറ്റിയത്. അത്ഭുതകരമായാണ് ഷാജി രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവമുണ്ടായത്.

ജോലിക്കിടെ വിശ്രമിക്കുന്ന സമയത്താണ് സംഭവം. വിശ്രമിക്കുന്നതിനിടെ ഷാജിയുടെ കഴുത്തിൽ തണുപ്പ് അനുഭവപ്പെട്ടതോടെ ഞെട്ടി എഴുന്നേറ്റപ്പോഴാണ് മൂർഖൻ പാമ്പ് കഴുത്തിൽ ചുറ്റിയത് തിരിച്ചറിഞ്ഞത്. ഒട്ടും സമയം പാഴാക്കാതെ ഷാജി പാമ്പിനെ കൈകൊണ്ടെടുത്ത് വലിച്ചെറിഞ്ഞു. തലനാരിഴയ്ക്കാണ് ഇയാൾ പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടതെന്നാണ് സഹപ്രവർത്തകർ പറയുന്നത്.

സമീപത്തായി മറ്റ് തൊഴിലാളികളുണ്ടായിരുന്നെങ്കിലും പാമ്പ് വരുന്നത് ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഷാജി വലിച്ചെറിഞ്ഞ മൂർഖൻ സമീപത്തുണ്ടായിരുന്നവരുടെ നേരെ തിരിഞ്ഞതോടെ മറ്റ് തൊഴിലാളികളും ഭയചകിതരായി. എന്നാൽ തൊഴിലാളികൾ പാമ്പിനെ അടിച്ചുകൊന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ ഷാജിയും കൂട്ടരും ജോലി തുടർന്നു. ഇന്നും അതേ പുരയിടത്തിൽ തൊഴിലുറപ്പ് ജോലി നടക്കുന്നുണ്ടെങ്കിലും ജാഗ്രതയോടെയാണ് പണി. വർഷങ്ങളായി ആൾത്താമസമില്ലാതെ കാട് കേറിയ അഞ്ചര ഏക്കർ സ്ഥലമാണ് തൊഴിലുറപ്പ് തൊഴിലാളികൾ വ്യത്തിയാക്കുന്നത്. ചെറിയ പാമ്പുകളെ കണ്ടിട്ടുണ്ടെങ്കിലും ഇത്ര വലിയ മൂർഖൻ അവിടെ ഉള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മറ്റ് ജോലിക്കാർ പറഞ്ഞു.

Tags:    

Similar News