തെങ്ങ് മറിഞ്ഞുവീണ് പത്തു വയസുകാരന് ദാരുണാന്ത്യം; അപകടം ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുതുമാറ്റുന്നത് കാണാൻ പോയപ്പോൾ; സംഭവം കണ്ണൂരിൽ
By : സ്വന്തം ലേഖകൻ
Update: 2024-11-30 13:40 GMT
കണ്ണൂര്‍: കണ്ണൂരിൽ തെങ്ങ് വീണ് പത്തു വയസുകാരൻ മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി മുട്ടത്താണ് ദാരുണമായ സംഭവം നടന്നത്.പഴയങ്ങാടി മുട്ടം സ്വദേശികളായ മൻസൂറിന്‍റെയും സമീറയുടെയും പത്തു വയസുള്ള മകൻ നിസാലാണ് മരിച്ചത്. വീടിന് സമീപത്ത് ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ വീടിന് സമീപത്ത് തെങ്ങ് പിഴുതുമാറ്റുന്നുണ്ടായിരുന്നു. ഇത് കാണാനായാണ് പത്തു വയസുകാരൻ അവിടെ പോയി നിന്നിരുന്നത്. ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുതുമാറ്റുന്നതിനിടയിൽ ദിശ തെറ്റി കുട്ടി നിൽക്കുന്ന സ്ഥലത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണത്തിന് കീഴടങ്ങി. മുട്ടം വെങ്ങര മാപ്പിള യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിസാൽ.