സൈനുദ്ദീന്‍ കൊലക്കേസ് പ്രതിയായ സി.പി.എം പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ചനിലയില്‍; പരോള്‍ ലഭിച്ച് നാട്ടിലെത്തിയ വിനീഷിന്റെ മരണം ഇന്ന് ജയിലിലേക്ക് മടങ്ങാനിരിക്കവേ

സൈനുദ്ദീന്‍ കൊലക്കേസ് പ്രതിയായ സി.പി.എം പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ചനിലയില്‍

Update: 2024-12-22 16:47 GMT

ഇരിട്ടി: എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ വിളക്കോട് പാറക്കണ്ടത്തെ സൈനുദ്ദീനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചനിലയില്‍. പയഞ്ചേരിയിലെ ആനതുഴിയില്‍ വി. വിനീഷി(44)നെയാണ് പയഞ്ചേരി ജബ്ബാര്‍ക്കടവിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏതാനുംദിവസം മുമ്പ് പരോള്‍ ലഭിച്ച് നാട്ടിലെത്തിയ വിനീഷ് ഇന്ന് ജയിലിലേക്ക് തിരിച്ച് പോകേണ്ടതായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 2008 ജൂണ്‍ 23ന് കാക്കയങ്ങാട് ടൗണില്‍വെച്ചാണ് സൈനുദ്ദീന്‍ കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഏതാനും നാളുകള്‍ക്കകമാണ് പട്ടാപ്പകല്‍ വിനീഷ് അടക്കമുള്ള സംഘം വെട്ടിക്കൊന്നത്. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു വിനീഷ്. 2014 മാര്‍ച്ചില്‍ എറണാകുളം സി.ബി.ഐ കോടതിയാണ് പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചത്.

ഇതിനെതിരെ പ്രതിഭാഗം അപ്പീല്‍ നല്‍കിയെങ്കിലും 2019ല്‍ ഹൈകോടതിയും ശിക്ഷ ശരിവെച്ചു. സിപിഎം പ്രവര്‍ത്തകരായ വിളക്കോട് ഊവപ്പള്ളി സ്വദേശികളുമായ നെല്ലിക്കാട്ട് വീട്ടില്‍ നിജില്‍(25), കുഞ്ഞിപ്പറമ്പില്‍ കെ പി ബിജു(34), പുതിയ പുരയ്ക്കല്‍ പി പി റിയാസ് (25), ഇരിട്ടി പയ്യാഞ്ചേരി വാഴക്കാടന്‍ വിനീഷ്(32), പാനോലില്‍ സുമേഷ് (29), ഒമ്പതാം പ്രതി പുത്തന്‍പുരയ്ക്കല്‍ ബഷീര്‍(45) എന്നിവരെയാണ് ശിക്ഷിച്ചത്.

പയഞ്ചേരിയിലെ വാഴക്കാടന്‍ രോഹിണി - കൃഷ്ണന്‍ ദമ്പതികളുടെ മകനാണ് വിനീഷ്. സഹോദരങ്ങള്‍: ഷാജി, ഷൈജു.

Tags:    

Similar News