ബെംഗളൂരുവിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്‍പത് ലക്ഷം രൂപ കവര്‍ന്ന കേസ്; കണ്ണൂരില്‍ ഒരാള്‍ കൂടി റിമാന്‍ഡില്‍

കണ്ണൂരില്‍ കിഡ്‌നാപ്പിങ് കേസില്‍ ഒരാള്‍ കൂടി റിമാന്‍ഡില്‍

Update: 2025-03-15 16:58 GMT

കണ്ണൂര്‍: ബെംഗളൂരുവില്‍ നിന്നും ബസില്‍ ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂര്‍ കമാല്‍ പീടികയില്‍ വന്നിറങ്ങിയ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒന്‍പതു ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ കൂടി ചക്കരക്കല്‍ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കാടാച്ചിറ ആഡൂര്‍ മീത്തല്‍ കിഴക്കേ വളപ്പില്‍ പഴയ പുരയില്‍ പ്രജോഷിനെ (42)യാണ് ചക്കരക്കല്‍ സി.ഐ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റുചെയ്തത്. മറ്റൊരു കേസില്‍ വാളയാറില്‍ പ്രതി അറസ്റ്റിലായെന്ന വിവരം ലഭിച്ചതോടെ ചക്കരക്കല്‍ പൊലിസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

2024 സെപ്തംബര്‍ അഞ്ചിന് പുലര്‍ച്ചെ ബംഗ്‌ളൂരില്‍ നിന്നും വരികയായിരുന്ന റഫീഖിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രുരമായി മര്‍ദ്ദിച്ചു ബാഗിലുണ്ടായിരുന്ന ഒന്‍പത് ലക്ഷം രൂപ കവര്‍ന്നത് കാപ്പാട് ടൗണില്‍ ഉപേക്ഷിച്ചു വെന്നാണ് പരാതി. ഏച്ചൂര്‍ കമാല്‍ പീടികയില്‍ ബസ് ഇറങ്ങിയ ഉടന്‍ വ്യാപാരിയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

സ്‌ക്രൂഡ്രൈവര്‍, ഇരുമ്പ് വടി എന്നിവ കൊണ്ടു അതിക്രൂരമായി മര്‍ദ്ദിക്കുകയും കാലില്‍ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തതിനു ശേഷം പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. ഇതിനു ശേഷം പുലര്‍ച്ചെ ആറു മണിയോടെ കാപ്പാട് റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ വീട്ടിലെത്തിയ റഫീഖ് പിന്നീട് ചക്കരക്കല്‍ പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ നേരത്തെ ഇരിക്കൂര്‍ പെടയങ്ങോട് സ്വദേശി പി.പി ഷിനോജിനെ (40) പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലാവാനുണ്ട്.

Tags:    

Similar News