ബസ് ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു; ബസിന്റെ സൈഡ് ഗ്ലാസും, കണ്ണാടിയും, ക്യാമറയും നശിപ്പിച്ചു; കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍
ബസ് ജീവനക്കാരെ ആക്രമിച്ച പ്രതികളായ സഹോദരങ്ങള്‍ പിടിയില്‍

കൊച്ചി: ബസ് ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. കഴിവേലിപ്പടി ചാലിയില്‍ വീട്ടില്‍ അയൂബ്(30), ചാലിയില്‍ വീട്ടില്‍ അല്‍ത്താഫ് (28) എന്നിവരെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.
നിവേദ്യം ബസിലെ ഡ്രൈവര്‍ ഷബീര്‍, ക്ലീനര്‍ ആല്‍ബിന്‍ എന്നിവരെയാണ് മര്‍ദ്ദിച്ചത്. ബസുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പൂക്കാട്ടുപടിയിലെ ഹോട്ടലിന് മുന്‍വശത്തെ സ്റ്റോപ്പില്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കുന്ന സമയം പ്രതികള്‍ ബസില്‍ കയറി ആക്രമിക്കുകയായിരുന്നു. ഷബീറിന്റെ തലക്കാണ് വടി കൊണ്ട് അടിയേറ്റത്.
തുടര്‍ന്ന് റോഡിലേക്ക് വലിച്ചിട്ടും മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച ക്ലീനര്‍ ആല്‍ബ്ബിനും മര്‍ദ്ദനമേറ്റു. ബസിന്റെ സൈഡ് ഗ്ലാസും, കണ്ണാടിയും, ക്യാമറയും നശിപ്പിച്ചു. ഇന്‍സ്‌പെക്ടര്‍ കെ. സെനോദ് ,എസ്.ഐമാരായ എം.വി അരുണ്‍ദേവ്, സി.ജെ കണ്ണദാസ്, സീനിയര്‍ സി പി ഒ ഇ.കെ നസീബ്, സി പി ഒ മാരായ എം.എസ് അഭിലാഷ്, എം.എസുബിന്‍, ഹാരിസ്, അജില്‍ രാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.