ഫേസ്ബുക്കില്‍ പ്രകോപനപരമായ പോസ്റ്റുകള്‍; അസം സ്വദേശിയെ കോടതി റിമാന്‍ഡ് ചെയ്തു
പ്രകോപന പോസ്റ്റില്‍ അസം സ്വദേശി റിമാന്‍ഡില്‍
പത്തനംതിട്ട: രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കി ചേരിതിരിഞ്ഞ് പ്രക്ഷോഭമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഫേസ്ബുക്കിലൂടെ, പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരെ മോശമായി ചിത്രീകരിച്ച പോസ്റ്റുകളിടുകയും ഷെയര്‍ ചെയ്യുകയും ചെയ്തതിന് അറസ്റ്റ് ചെയ്ത ആസ്സാം സ്വദേശിയെ കോടതിയില്‍ ഹാജരാക്കി. ആസ്സാം ദിബ്രൂഗഡ് സോണിട്ട്പുര്‍ ബോകജന്‍ ജാഗ്ലോവനി ബിലാല്‍ അലിയുടെ മകന്‍ ഇദ്രിഷ് അലി(23)യാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ബി എന്‍ എസിലെ വകുപ്പ് 196 പ്രകാരമാണ് കേസെടുത്തത്.
ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തിനു സമീപം മത്സ്യകച്ചവടം നടത്തുകയാണ് ഇയാള്‍. പ്രധാനമന്ത്രിയെയും മറ്റ് നേതാക്കളെയും അപഹസിക്കുന്ന രീതിയിലുള്ളതുമായ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഇട്ടതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന്, ഇന്നലെ വൈകുന്നേരം 5 മണിയോടെ ഇയാളെ ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക നടപടികള്‍ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു, 7.30 ന് അറസ്റ്റ് രേഖപ്പെടുത്തി.
കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ ചോദ്യംചെയ്യലില്‍ ഇയാള്‍ക്ക് ഒന്നിലധികം മൊബൈല്‍ ഫോണുകള്‍ ഉള്ളതായി വ്യക്തമായി. വാടകയ്ക്ക് താമസിക്കുന്ന കിടങ്ങന്നൂര്‍ വല്ലനലയിലുള്ള വീട്ടില്‍ പരിശോധന നടത്തി മറ്റൊരു ഫോണ്‍ കണ്ടെത്തി ബന്തവസ്സിലെടുത്തു. ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു നടപടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.