ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അവിവാഹിതയെ വീഴ്ത്തിയത് വിവാഹ മോചിതനെന്ന പേരില്‍; മൂന്നു വര്‍ഷമായി പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡനം; ഭാര്യയും രണ്ടു മക്കളുമുളള മധ്യവയസ്‌കനെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്
ഭാര്യയും രണ്ടു മക്കളുമുളള മധ്യവയസ്‌കനെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്
തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചശേഷം അവിവാഹിതയെ (40)ലോഡ്ജുകളിലെത്തിച്ച് ബലാല്‍സംഗം ചെയ്തയാളെ പോലീസ് പിടികൂടി. ഇടുക്കി തൊടുപുഴ ഉടുമ്പന്നൂര്‍ മലയിഞ്ചി തെങ്ങനാരക്കല്‍ വീട്ടില്‍ ടി ആര്‍ ബൈജു (49) ആണ് അറസ്റ്റിലായത്. 2022 ജൂണ്‍ ഒന്നിനും 2025 മേയ് നാലിനും ഇടയിലുള്ള കാലയളവിലാണ് പല സ്ഥലങ്ങളില്‍ വച്ച് പീഡനം നടന്നത്.
യുവതിയുമായി ഫേസ് ബുക്കിലൂടെ പരിചയം സ്ഥാപിച്ച പ്രതി തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയച്ചും ഫോണില്‍ വിളിച്ചും അടുപ്പത്തിലായി. വിവാഹ മോചിതനാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ച ഇയാള്‍ വീട്ടിലെത്തി യുവതിയുടെ അമ്മയെയും ഇപ്രകാരം പറഞ്ഞു സ്വാധീനിച്ചു. തുടര്‍ന്ന് 2022 ജൂണിലെ ഒരു ദിവസം, യുവതിയെ പ്രലോഭിപ്പിച്ച് തിരുവനന്തപുരത്ത് കൂട്ടികൊണ്ടുപോയി തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജ് മുറിയില്‍ എത്തിച്ച് ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി.
കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള സ്വകാര്യലോഡ്ജിലും, ചെങ്ങന്നൂര്‍ തിരുവല്ല കോഴഞ്ചേരി ഇടുക്കി എന്നിവടങ്ങളിലുള്ള പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിലും എത്തിച്ച് പീഡനം തുടര്‍ന്നു. മുമ്പ് എത്തിച്ച പീഡിപ്പിച്ച കോട്ടയത്തെ അതേ ലോഡ്ജില്‍ വച്ച് ഈവര്‍ഷം മേയ് നാലിനാണ് ഒടുവില്‍ പ്രലോഭിപ്പിച്ചും ബലംപ്രയോഗിച്ചും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. തിരുവല്ല പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. തിരുവല്ല ജെ എഫ് എം കോടതിയിലും മൊഴിരേഖപ്പെടുത്തി.
പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെ, പ്രതി യുവതിയെ കാണാന്‍ തിരുവല്ലയില്‍ എത്തിയതായി രഹസ്യ വിവരം ലഭിച്ചു. ഒന്നിന് വൈകിട്ട് മൂന്നിന് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും ഇയാളെ പോലീസ് കസ്റ്റഡി യിലെടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതിനെതുടര്‍ന്ന് നാലിന് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി, തുടര്‍ നടപടികള്‍ക്കൊടുവില്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.