ജിമ്മില്‍ പരിശീലനത്തിന് വന്നപ്പോള്‍ ഹാന്‍സ് ഉപയോഗം; ചോദ്യം ചെയ്ത യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു; ഗുരുതരമായി പരുക്കേറ്റ കേസില്‍ ഒരാള്‍ അറസ്റ്റില്‍; മറ്റു പ്രതികള്‍ക്കായി തെരച്ചില്‍

ഹാന്‍സ് ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു

Update: 2025-08-02 17:10 GMT

പത്തനംതിട്ട: ജിമ്മില്‍ പരിശീലനത്തിന് എത്തിയയാള്‍ ലഹരി വസ്തുവായ ഹാന്‍സ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരുക്കല്‍പ്പിച്ച കേസില്‍ ഒരാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി പുറമറ്റം പടുതോട് വാലാങ്കര മരുതൂര്‍ കാലായില്‍ വീട്ടില്‍ അപ്പാ എന്ന എം.എ സുധീര്‍(45) ആണ് പിടിയിലായത്. പുറമറ്റം വെണ്ണിക്കുളത്തുള്ള പെഗാസസ് ഫിറ്റ്നസ് സെന്ററിലാണ് യുവാവിന് നേരേ ആക്രമണമുണ്ടായത്. തെള്ളിയൂര്‍ കോളഭാഗം വേലം പറമ്പില്‍ വീട്ടില്‍ അലന്‍ റോയി (19)ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് 6 30 നാണ് സംഭവം. ഏഴോളം പേര്‍ ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സെന്ററില്‍ പ്രാക്ടീസിന് എത്തിയ ഒന്നാംപ്രതി ഷിജിന്‍ഷാനോട് ഹാന്‍സ് ഉപയോഗിച്ചത് അലന്‍ ചോദ്യം ചെയ്തതിന്റെ വിരോധത്താലായിരുന്നു ആക്രമണവും ക്രൂര മര്‍ദ്ദനവും നേരിടേണ്ടി വന്നത്. പ്രകോപിതനായ ഷിജിന്‍, അലനെ അസഭ്യം വിളിച്ചുകൊണ്ട് കഴുത്തിനു കുത്തിപ്പിടിച്ച് തടഞ്ഞുനിര്‍ത്തിയശേഷം തള്ളി താഴെ ഇട്ടു. തുടര്‍ന്ന് തറയില്‍ കിടന്ന ജിമ്മില്‍ പ്രാക്ടീസിന് ഉപയോഗിക്കുന്ന ഇരുമ്പ് ബാറെടുത്ത് കൊല്ലുമെന്ന് ആക്രോശിച്ച് അലന്റെ തലയില്‍ രണ്ടുവട്ടം അടിച്ചു. രണ്ടാം പ്രതി ബിന്‍സണ്‍ കെ മാത്യു നെഞ്ചില്‍ ചവിട്ടി. പിന്നീട് ഇവര്‍ വിളിച്ചു വരുത്തിയ പ്രതികളില്‍ കണ്ടാല്‍ അറിയാവുന്ന താടിയും മുടിയും നീട്ടി വളര്‍ത്തിയ മൂന്നാം പ്രതി കൊല്ലം എന്ന് പറഞ്ഞ് ഹെല്‍മറ്റ് കൊണ്ട് മൂക്കിലടിച്ചു. മൂക്കിലെ അസ്ഥിക്ക് പൊട്ടലുണ്ടായി.

വീണ്ടും അടിച്ചത് ഇടതു കൈ തടഞ്ഞപ്പോള്‍ ചെറുവിരലിന് പൊട്ടല്‍ ഏറ്റു. നാലാം പ്രതി കയ്യിലിരുന്ന ഹെല്‍മറ്റ് കൊണ്ട് ദേഹമാകെ മര്‍ദ്ദിച്ചു. അഞ്ചാം പ്രതി കഴുത്തില്‍ കുത്തിപ്പിടിച്ച് മുഖത്തടിച്ച് മൂക്കിന് പരിക്കേല്‍പ്പിച്ചു. പുറത്തിറങ്ങിയാല്‍ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്ന് മൊഴി രേഖപ്പെടുത്തി കേസെടുത്ത കോയിപ്രം പോലീസ്, ഇന്‍സ്പെക്ടര്‍ പി എം ലിപിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു. വാലാങ്ക രയിലെ പ്രതിയുടെ വീടിന് സമീപത്ത് നിന്നാണ് പിടികൂടിയത്. സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞു, ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.

ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാളവിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതികള്‍ ആക്രമിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ബാര്‍, ഹെല്‍മറ്റ്, ബെല്‍റ്റ് തുടങ്ങിയവ കണ്ടെടുത്തു. അറസ്റ്റിലായ സുധീര്‍ കോയിപ്രം സ്റ്റേഷനിലെ 17 കേസുകളില്‍ പ്രതിയാണ് എന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു.കാപ്പ നടപടികള്‍ക്കും ഇയാള്‍ വിധേയനായിട്ടുണ്ട്. റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ടയാളാണ്. ആറ്റില്‍ നിന്ന് മണല്‍ കടത്ത്, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തവയാണ് ഈ കേസുകള്‍. ഏഴുപേരുള്ള ഈ കേസില്‍ ഒളിവില്‍ കഴിയുന്ന ബാക്കി പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.

Tags:    

Similar News