സാമ്പത്തിക ഇടപാടില്‍ തര്‍ക്കം: അനുജനെ വെട്ടിവീഴ്ത്തിയ യുവാവ് അറസ്റ്റില്‍; ഗുരുതരപരുക്കേറ്റ യുവാവിന് പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വരും
അനുജനെ വെട്ടിവീഴ്ത്തിയ യുവാവ് അറസ്റ്റില്‍
തിരുവല്ല: സാമ്പത്തികകാര്യങ്ങളിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധത്താല്‍ അനുജനെ പിച്ചാത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ജ്യേഷ്ഠനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുന്നന്താനം കവിയൂര്‍ തോട്ടത്തില്‍ വീട്ടില്‍ ജോമി ടി ഈപ്പന്‍ (38) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം, ജിബിന്‍ ടി ഈപ്പനാണ് പരിക്കേറ്റത്. ഇയാളുടെ ഭാര്യ അന്നാ റോസിന്റെ മൊഴിപ്രകാരമാണ് തിരുവല്ല പോലീസ് കേസെടുത്തത്. പ്രതി ജോമിയും ഇവര്‍ക്കൊപ്പം ഈ വീട്ടില്‍ ഒരുമിച്ച് താമസിക്കുകയാണ്. ജോമിയുടെയും ജിബിന്റെയും അമ്മയും ഒപ്പമുണ്ട്.
വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ജിബിനെ വീട്ടിലിരുന്ന പിച്ചാത്തിയെടുത്ത് ജോമി തലയ്ക്ക് വെട്ടുകയായിരുന്നു. ഒഴിഞ്ഞു മാറിയപ്പോള്‍ വെട്ട് ഇടതു ചെവിയില്‍ കൊണ്ട് മുറിഞ്ഞു. കഴുത്തിനുള്ള അടുത്തവെട്ട് ഇടതു കൈകൊണ്ട് തടഞ്ഞപ്പോള്‍ ഇടതു കൈപ്പത്തിയില്‍ ആഴത്തില്‍ മുറിവേറ്റു. കേസെടുത്ത തിരുവല്ല പോലീസ്, എസ് എച്ച് ഒ എസ് സന്തോഷിന്റെ നിര്‍ദ്ദേശപ്രകാരം, എസ് ഐ ജി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ച പിച്ചാത്തി കണ്ടെടുത്തു.
ഗുരുതരമായി പരിക്കേറ്റ ജിബിന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ആദ്യം ചികിത്സതേടിയ തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ പോലീസ് കണ്ട് സംസാരിച്ചത് പ്രകാരം ഇടതു കൈപ്പത്തിക്കുണ്ടായ മുറിവ് സാരമായതാണെന്നും, പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ ആശുപത്രിയിലേക്ക് അയച്ചതാണെന്നും വ്യക്തമായി. തുടര്‍ന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍, സംഭവത്തിനിടെയുണ്ടായ ചെറിയ പരിക്ക് കാരണം പ്രതി, തിരുവല്ല താലൂക്ക് ആശുപത്രി നേടിയതായി അറിഞ്ഞു.
പോലീസ് ഇവിടെ ഡോക്ടറെ കണ്ടശേഷം ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച് സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞു . ചോദ്യം ചെയ്യലിനെതുടര്‍ന്ന് കുറ്റം സമ്മതിച്ച പ്രതിയെ ഇന്നലെ വൈകിട്ട് എട്ടോടെ അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കുപറ്റിയ ജിബിന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ പിടികൂടിയ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷ്, എസ് ഐമാരായ ഉണ്ണികൃഷ്ണന്‍, ഡോമിനിക് മാത്യു, ജയ്മോന്‍, എ എസ് ഐ ജെ ആര്‍ രാജു, എസ് സി പി ഒ അഖിലേഷ്, സി പി ഒ അവിനാഷ് വിനായകന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.