ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കുസാറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍
ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കുസാറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍
കളമശേരി: മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. ഇംഗ്ലിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് വകുപ്പിലെ ലൈബ്രറി അസിസ്റ്റന്റ് തിരുവനന്തപുരം കാഞ്ഞിരംകുളം ബഥേല്‍ ഭവനില്‍ വി.അജികുമാറിനെ (54) യാണ് സംഭവം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്യുന്നത്. മുന്‍കാല പ്രാബല്യത്തോടെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ്.
2024 ഡിസംബര്‍ 2 മുതല്‍ സസ്‌പെന്‍ഡു ചെയ്തതായിട്ടാണ് ഈ മാസം 3ന് സര്‍വകലാശാല ഉത്തരവിറക്കിയത്. കുസാറ്റ് ജീവനക്കാരന്റെ ഭാഗത്തു നിന്നുണ്ടായതു ഗുരുതരമായ സ്വഭാവദൂഷ്യമാണെന്നും ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും റെയില്‍വേ പൊലീസ് സൂപ്രണ്ട് കുസാറ്റ് റജിസ്ട്രാറെ സംഭവം നടന്നതിന്റെ പിറ്റേദിവസം അറിയിച്ചിരുന്നു. വി.അജികുമാറിനെ അറസ്റ്റ് ചെയ്തതിന്റെയും കോടതി റിമാന്‍ഡ് ചെയ്തതിന്റെയും രേഖകളും റെയില്‍വേ പൊലീസ് കൈമാറിയിരുന്നു.
അജികുമാറിന്റെ കസ്റ്റഡി കാലാവധി സംബന്ധിച്ചു വ്യക്തതയില്ലെന്നു കാണിച്ചു സര്‍വകലാശാല നടപടികള്‍ നീട്ടിക്കൊണ്ടുപോയി. അജികുമാര്‍ 48 മണിക്കൂറിലധികം ആലപ്പുഴ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നതായി റെയില്‍വേ പൊലീസ് സര്‍വകലാശാലയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് രാത്രി 10.30ന് മാവേലി എക്‌സ്പ്രസില്‍ ഹരിപ്പാടിനും അമ്പലപ്പുഴയ്ക്കും ഇടയില്‍ ജനറല്‍ കംപാര്‍ട്‌മെന്റില്‍ യാത്ര ചെയ്തിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.