റോഡരികില്‍ വച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമം: തള്ളിക്കൊണ്ട് പോകും വഴി പോലീസിന്റെ മുന്നില്‍ ചെന്നു ചാടി: രണ്ട് യുവാക്കള്‍ പിടിയില്‍

റോഡരികില്‍ വച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമം

Update: 2025-08-10 15:51 GMT

പന്തളം: പെട്രോള്‍ പമ്പിന് സമീപം റോഡ് വക്കില്‍ വച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെ രാത്രികാല പോലീസ് പട്രോളിങ് സംഘം പിടികൂടി. തിരുവനന്തപുരം വട്ടപ്പാറ കുന്നപ്പാറ അര്‍ച്ചന ഭവനില്‍ ആരോമല്‍ എന്ന അഖില്‍ ( 20), വട്ടപ്പാറ വെങ്കോട് ചെന്തുപ്പൂര്‍ ചരുവിളാകത്തു പുത്തന്‍വീട്ടില്‍ വിപിന്‍ വിനോദ്(19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. എസ് ഐ സി വി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള രാത്രികാലപട്രോളിംഗ് സംഘമാണ് യുവാക്കളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തി പിടികൂടിയത്. കുരമ്പാല ഇടയാടി പെട്രോള്‍ പമ്പിനു സമീപം റോഡ് വക്കില്‍ വച്ച ബൈക്ക്, ഇന്നു പുലര്‍ച്ചെ 4.30 ഓടെ തള്ളിക്കൊണ്ട് പോകുന്നത് പോലീസ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.

പമ്പിന് സമീപത്തുള്ള ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ നിന്നുമാണ് വാഹനം മോഷ്ടിക്കാന്‍ ശ്രമിച്ചത്. ചോദ്യം ചെയ്തപ്പോള്‍ പരിഭ്രമിച്ച യുവാക്കള്‍, പെട്രോള്‍ തീര്‍ന്നതിനാല്‍ തള്ളിക്കൊണ്ടുപോകുയാണെന്ന് മറുപടി പറഞ്ഞു. വിശദമായ പരിശോധനയില്‍ താക്കോല്‍ ഇവരുടെ കയ്യിലില്ലെന്ന് പോലീസിന് ബോധ്യപ്പെട്ടു. തുടര്‍ന്ന്, കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോള്‍ മുക്കാല്‍ ഭാഗത്തോളം പെട്രോള്‍ നിറച്ച കുപ്പി, സ്പാനറുകള്‍, സ്‌ക്രൂ ്രൈഡവര്‍, ചുറ്റിക, മൊബൈല്‍ ഫോണ്‍, തുടങ്ങിയവ കണ്ടു. വാഹനം മോഷ്ടിച്ചുകൊണ്ടുപോവുകയാണെന്ന് സംശയം തോന്നിയപ്പോള്‍ ഇരുവരെയും, പിടിച്ചെടുത്ത സാധനങ്ങളുമായി സ്റ്റേഷനില്‍ എത്തിച്ചു.

പിന്നീട്, ബൈക്കിന്റെ ഉടമയെപ്പറ്റി അന്വേഷിച്ചു, കുരമ്പാല പടിഞ്ഞാറേ പുല്ലം പ്ലാവില്‍ സനല്‍ എന്നയാളുടെ താണ് എന്ന് വ്യക്തമായി. ഇദ്ദേഹത്തിന്റെ മൊഴിപ്രകാരം കേസെടുത്തു. 9 ന് രാവിലെ 9.30 ഓടെ പമ്പിനു സമീപം റോഡ് വക്കില്‍ ബൈക്ക് വച്ചിട്ട് ജോലിക്ക് പോയെന്നും, പോലീസ് വിളിച്ചപ്പോഴാണ് ബൈക്ക് മോഷ്ടിക്കപ്പെട്ടതായി അറിഞ്ഞതെന്നും, തുടര്‍ന്ന് വാഹനം തിരിച്ചറിഞ്ഞതെന്നും പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചു. തുടര്‍ന്ന്, പ്രതികളുടെ അറസ്റ്റ് ഇന്ന് രാവിലെ 11 ന് രേഖപ്പെടുത്തി. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

Tags:    

Similar News