നവീകരിച്ച് ഉദ്ഘാടനത്തിന് തയ്യാറാകുന്ന ദാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് സന്ദര്‍ശിച്ച് പല്ലാരിമംഗലം ശിവക്ഷേത്ര ഭരണസമിതി; മതസൗഹൃദത്തിന്റെ മനോഹര ദൃശ്യം
നവീകരിച്ച് ഉദ്ഘാടനത്തിന് തയ്യാറാകുന്ന ദാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് സന്ദര്‍ശിച്ച് പല്ലാരിമംഗലം ശിവക്ഷേത്ര ഭരണസമിതി
കോതമംഗലം: എറണാകുളം ജില്ലയിലെ പല്ലാരിമംഗലത്ത് നവീകരിച്ച് ഉദ്ഘാടനത്തിന് തയ്യാറാകുന്ന ദാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് സന്ദര്‍ശിച്ച് പല്ലാരിമംഗലം ശിവക്ഷേത്ര ഭരണസമിതിയും ഹൈന്ദവ വിശ്വാസികളും എത്തിയത് ശ്രദ്ധേയമായി. പ്രദേശത്തെ മത സൗഹൃദ പാരമ്പര്യത്തെ വീണ്ടും ഊട്ടിയുറപ്പിക്കുന്ന സംഭവമായി ഈ സന്ദര്‍ശനം മാറി.
നൂറ്റാണ്ടുകളായി ഒരേ ആകാശത്തിന്‍ കീഴില്‍ ക്ഷേത്രവും മസ്ജിദും നിലകൊള്ളുന്ന പല്ലാരിമംഗലം, മത മൈത്രിയുടെ ഉദാത്ത മാതൃകയായി അറിയപ്പെടുന്ന പ്രദേശമാണ്. വിശ്വാസങ്ങള്‍ വ്യത്യസ്തമായാലും പരസ്പര ബഹുമാനവും സഹജീവിത മൂല്യങ്ങളും ഇവിടെ ശക്തമായി നിലനില്‍ക്കുന്നു.
മസ്ജിദ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച് വിവിധ മതവിഭാഗങ്ങളിലെ നേതാക്കളും വിശ്വാസികളും പങ്കുചേര്‍ന്ന സന്ദര്‍ശനം ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചു. മാനവിക സ്‌നേഹവും മത മൈത്രിയും ജീവിതരീതിയായി പിന്തുടരുന്ന പല്ലാരിമംഗലം, കോതമംഗലം മണ്ഡലത്തിനും എറണാകുളം ജില്ലയ്ക്കും അഭിമാനമായ മാതൃകയായി തുടരുകയാണ്.