റോഡരികിലെ ചെളിവെള്ളത്തിൽ ഭീതിപ്പെടുത്തുന്ന കാഴ്ച; രാജകുമാരിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് ദുരൂഹത നിറച്ച് കോടാലി; പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകും

Update: 2025-08-16 11:20 GMT

രാജകുമാരി: ഇടുക്കി രാജകുമാരിയിൽ മധ്യവയസ്കനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ഞകുഴി സ്വദേശിയായ മോളകുടിയിൽ രമേശ് (56) ആണ് മരിച്ചത്. രാവിലെ സമീപവാസികളാണ് മഞ്ഞകുഴി-വാതുകാപ്പ് റോഡരികിൽ രമേശിനെ മറിഞ്ഞുകിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് കോടാലിയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ശരീരത്തിൽ പരിക്കുകളോ മുറിവുകളോ കണ്ടെത്താനായിട്ടില്ല.

ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കും. കഴിഞ്ഞ രണ്ടു വർഷമായി രമേശ് ഒറ്റയ്ക്കാണ് താമസം. ഇദ്ദേഹം അപസ്മാര രോഗബാധിതനായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

രമേശിൻ്റെ വീടിന് ഏകദേശം 30 മീറ്റർ അകലെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇനി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News