പെരുന്നാളിന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയപ്പോൾ മറ്റൊരു കല്യാണം കഴിച്ചു; പഠിപ്പിന്റെയും നിറത്തിന്റെയും പേരിൽ തലാഖ് ചൊല്ലി; വീട് പൂട്ടി മുങ്ങി; എട്ട് ദിവസമായി ഹസീനയും കുഞ്ഞും വരാന്തയില്‍

Update: 2026-01-02 15:40 GMT

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ യുവതിയെയും പിഞ്ചുകുഞ്ഞിനെയും ഭർത്താവ് വീട്ടിൽ കയറ്റാതെ പൂട്ടിപ്പോയതിനെ തുടർന്ന് കഴിഞ്ഞ എട്ടുദിവസമായി ഇവർ വീടിന്റെ വരാന്തയിൽ അഭയം തേടിയിരിക്കുകയാണ്. ചേളാരി സ്വദേശിനിയായ ഹസീനയാണ് കോടതി വിധി സമ്പാദിച്ച് ഭർത്താവിനൊപ്പം താമസിക്കാനെത്തിയിട്ടും വീടിന് പുറത്തായത്.

തന്റെ വിദ്യാഭ്യാസ യോഗ്യതയും നിറവും ചൂണ്ടിക്കാട്ടി ഭർത്താവ് തലാഖ് ചൊല്ലിയെന്നാണ് ഹസീനയുടെ ആരോപണം. 2018ലെ പെരുന്നാൾ ആഘോഷങ്ങൾക്കായി സ്വന്തം വീട്ടിലേക്ക് പോയ ഹസീനയെ പിന്നീട് ഭർത്താവ് തിരികെ കൊണ്ടുപോയിരുന്നില്ല. ഇതിനിടെ, ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുകയും പുതിയ ഭാര്യക്കും കുട്ടിക്കുമൊപ്പം മറ്റൊരു വീട്ടിൽ താമസിക്കുകയാണെന്നും ഹസീന വെളിപ്പെടുത്തി.

ഭർത്താവ് തലാഖ് ചൊല്ലിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായ വിവാഹമോചനം ഇതുവരെ നടന്നിട്ടില്ലെന്ന് ഹസീന വ്യക്തമാക്കുന്നു. ഭർത്താവിനൊപ്പം താമസിക്കാൻ കോടതി ഉത്തരവുമായി യുവതി എത്തിയ വിവരം അറിഞ്ഞതോടെ ഭർത്താവും വീട്ടുകാരും വീട് പൂട്ടി മറ്റൊരിടത്തേക്ക് മാറിയെന്നാണ് പരാതി.

Tags:    

Similar News