'ഐആം ട്രാപ്പ്ഡ്..'; വെളുപ്പിന് ചുമ്മാ..നടക്കാനിറങ്ങി; ചെന്ന് കയറിയത് പുലിയെ കുടുക്കാനായി വെച്ച കൂട്ടില്‍; ഒടുവിൽ മണിക്കൂറുകൾ കഴിഞ്ഞ് തെരുവുനായ രക്ഷപ്പെട്ടത് ഇങ്ങനെ!
സുല്‍ത്താന്‍ബത്തേരി: ജനവാസ മേഖലയിൽ ഭീതി പടർത്തി ഇറങ്ങിയ പുലിയെ കുടുക്കാനായി ആഴ്ച്ചകള്‍ക്ക് മുമ്പ് വെച്ച കൂട്ടില്‍ പുലിക്ക് പകരം കുടുങ്ങിയത് തെരുവുനായ. സുല്‍ത്താന്‍ബത്തേരിയിലാണ് രസകരമായ സംഭവം നടന്നത്. ഇരുമ്പഴികളുള്ള കൂടാണെങ്കിലും അടിഭാഗം പ്ലൈവുഡായിരുന്നു. ഇത് മഴയില്‍ കുതിര്‍ന്ന് തകര്‍ന്നതോടെ നിസാരമായി നായക്ക് പുറത്തിറങ്ങാനും സാധിച്ചു.
ബത്തേരി കോട്ടക്കുന്നിലെ പോൾ മാത്യൂസിന്റെ വീട്ടില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട് ആണ് അടിഭാഗം ഉറപ്പില്ലാത്തതിനാല്‍ നായ രക്ഷപ്പെട്ടത്. പക്ഷെ ഈ ഉറപ്പില്ലാത്ത കൂട്ടില്‍ നായക്ക് പകരം പുലിയെങ്ങാനും കുടുങ്ങിയിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്നാണ് വീട്ടുകാർ ചോദിക്കുന്നത്.
കുടുങ്ങിയ നായ താനെ രക്ഷപ്പെട്ടതോടെ വന്യമൃഗങ്ങള്‍ക്കായി സ്ഥാപിക്കുന്ന കൂടുകളുടെ സുരക്ഷിതത്വം ആശങ്ക ആവുകയാണ്. ഇന്ന് പുലര്‍ച്ചെ 3.25 നാണ് കോട്ടക്കുന്നില്‍ സ്ഥാപിച്ച കൂട്ടില്‍ നായകുടുങ്ങിയത്. പിന്നീട് രണ്ടുമണിക്കൂറിന് ശേഷം അഞ്ചേമുക്കാലോടെ നായ കൂടിന് പുറത്തേക്ക് വരികയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്.