ഇനി ഈ തോട്ടിൽ അത്തരം പരിപാടികൾ വേണ്ട; കമാന വേലി വരുന്നു; നടപടി മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലിൽ; ശുചിത്വമിഷനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ തോട് പൂർണ്ണമായും മറയ്ക്കുന്ന രീതിയിൽ കമാനവേലി സ്ഥാപിക്കുമെന്ന് അധികൃതർ. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടക്കാല ഉത്തരവിനെ തുടർന്നാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പദ്ധ്യക്ഷൻമാരുടെ യോഗം ചേർന്നത്.
കമ്മീഷൻ്റെ അന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ശുപാർശകളിലൊന്നാണ് കനാലിൽ ഉടനീളം കമാനവേലി സ്ഥാപിക്കുക എന്നത്. ഈ ശുപാർശകൾ പൂർണ്ണമായും നടപ്പിലാക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. കമാനവേലി സ്ഥാപിച്ച ശേഷം മഴക്കാലത്ത് കനാലിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ തോടിന്റെ വീതി കൂട്ടുന്നത് പരിഗണിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മാത്രമല്ല, കനാൽ കൈയേറി നടത്തിയ അനധികൃത നിർമ്മാണങ്ങൾ വേലി നിർമ്മാണം പൂർത്തിയായാലുടൻ തിരിച്ചുപിടിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തോടിൽ നിന്ന് മാലിന്യം നീക്കം ചെയ്യാനും സംസ്കരിക്കാനുമുള്ള അംഗീകൃത ഏജൻസികളുടെ വിവരങ്ങൾ അടുത്ത യോഗത്തിൽ സമർപ്പിക്കാൻ നഗരസഭക്കും ശുചിത്വമിഷനും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.