തിരുവല്ലയിലും പാലക്കാടും ജീവനെടുത്ത് മുങ്ങി മരണം; മണിമലയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയ്ക്കും വിനോദയാത്രയ്‌ക്കെത്തിയ തമിഴ്നാട് സ്വദേശിക്കും ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2025-03-28 11:42 GMT
പാലക്കാട്: ഇന്ന് പാലക്കാടും തിരുവല്ലയിലുമായി രണ്ടുപേർ മുങ്ങി മരിച്ചു. തിരുവല്ലയിൽ കൂട്ടുകാർക്കൊപ്പം മണിമലയാറ്റിൽ കുളിക്കാൻ വേണ്ടി ഇറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവല്ല നിരണം കന്യാത്രയിൽ വീട്ടിൽ അനന്ദു (17) ആണ് അതിദാരുണമായി മരിച്ചത്. പുളിക്കീഴ് ഷുഗർ ഫാക്ടറിക്ക് സമീപം ഇന്നുച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം നടന്നത്.
അതേസമയം, പാലക്കാട് അട്ടപ്പാടി ഭവാനി പുഴയിലും യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി രമണൻ (20) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കെത്തിയതായിരിന്നു. നരസിമുക്കിൽ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. രണ്ടിടങ്ങളിലും പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.