വിവാഹചടങ്ങിൽ സംബന്ധിക്കാനെത്തി; കാൽവഴുതി കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം കൂട്ടുകാർ നോക്കി നിൽക്കേ; ദാരുണ സംഭവം ആലപ്പുഴയിൽ
നെടുമുടി: ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി മരിച്ചു. ആലപ്പുഴ നഗരസഭ ജില്ലക്കോടതി വാർഡ് പള്ളിക്കണ്ടത്തിൽ വീട്ടിൽ തോമസ് വർഗീസിന്റെ മകൻ മിഖിൽ തോമസാണ് (14) ദാരുണമായി മരിച്ചത്. രാവിലെ നെടുമുടി ചേന്നംങ്കരിയിലെ കളരിക്കൽ കുളിക്കടവിലായിരുന്നു അപകടം നടന്നത്. സുഹൃത്തുക്കൾ കടവിൽ കളിക്കുന്നത് കാണുന്നതിനിടെ മിഖിൽ കാൽവഴുതി വെള്ളത്തിലേക്ക് വീണു പോവുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രദേശവാസികളടക്കം നിരവധിപേർ കടവിൽ ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചളി നിറഞ്ഞതിനാൽ രക്ഷാപ്രവർത്തനം തടസമായി. പിന്നീട് തകഴി ഫയർ ഫോഴ്സ് യൂനിറ്റെത്തി നടത്തിയ തെരച്ചിലിൽ ഉച്ചക്ക് ഒന്നിന് മൃതദേഹം കണ്ടെത്തി. സ്കൂളിലെ ജീവനക്കാരിയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനാണ് രണ്ട് കൂട്ടുകാർക്കൊപ്പം മിഖിൽ നെടുമുടിയിൽ എത്തിയത്.