ആഡംബര വാഹനങ്ങളിൽ കറങ്ങി നടക്കും; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ ലഹരിമരുന്ന് എത്തിക്കും; എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ആഡംബര വാഹനങ്ങളിൽ കറങ്ങി നടന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ ലഹരി ഉല്‍പന്നങ്ങല്‍ വിതരണം ചെയ്തിരുന്ന യുവാവിനെ പോലീസ് പിടികൂടിയത് രഹസ്യ നീക്കത്തിലൂടെ. ഉള്ളിയേരി മഠത്തില്‍ കുന്നുമ്മല്‍ മുഹമ്മദ് ജവാദി(36)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിലകൂടിയതും ആവശ്യക്കാര്‍ ഏറെയുള്ളതുമായ ആറ് എല്‍എസ്ഡി സ്റ്റാമ്പുകളാണ് ഇയാളുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തത്. ഇതിന് 0.020 ഗ്രാം തൂക്കം വരും.
ഉളളിയേരി, അത്തോളി പ്രദേശങ്ങളിലും മൊടക്കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതി എല്‍എസ്ഡി സ്റ്റാമ്പ് സഹിതം പിടിയിലായത്.
കോഴിക്കോട് റൂറല്‍ എസ്പി കെഇ ബൈജുവിന്‍റെ കീഴിലെ ഡാന്‍സാഫ് സ്‌ക്വാഡും പേരാമ്പ്ര ഡിവൈ എസ്പി എന്‍ സുനില്‍കുമാറിന്‍റെ കീഴിലെ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ ഉപയോഗിച്ച പോളോ വെന്‍റോ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.