മദ്യപിക്കാന്‍ പണം നല്‍കിയില്ല; വയോധികനെ മര്‍ദിച്ചവശനാക്കി ബാഗിലുണ്ടായിരുന്ന പണം കവർന്നു; പ്രതി പിടിയിൽ; സംഭവം കൊല്ലത്ത്

Update: 2024-12-05 05:00 GMT

കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കാത്തത്തിന്റെ പേരിൽ വയോധികനെതിരെ യുവാവിന്റെ ക്രൂരത. കൊല്ലം ചടയമംഗലത്താണ് ഞെട്ടിക്കുന്ന സംഭവം. പണം നല്‍കാത്തത്തിന്റെ വൈരാഗ്യത്തില്‍ പ്രതി വയോധികനെ മര്‍ദിച്ചവശനാക്കി ബാഗിലുണ്ടായിരുന്ന പണവും മറ്റു രേഖകളും കവരുകയായിരുന്നു. ചടയമംഗലം മേടയില്‍ ചരുവിള പുത്തന്‍വീട്ടില്‍ ശരത്താ(39)ണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. ചടയമംഗലം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപം ചെരിപ്പ് നന്നാക്കുന്ന ശിവദാസനെയാണ് പ്രതി മര്‍ദിച്ച് പണം കവര്‍ന്നത്.

ചൊവ്വാഴ്ച 12 മണിയോടെയാണ് സംഭവം. ശിവദാസന്റെ കടയുടെ മുന്നിലെത്തിയ പ്രതി മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാത്ത വൈരാഗ്യത്തില്‍ ശിവദാസനെ മര്‍ദിച്ചശേഷം ബാഗില്‍ സൂക്ഷിച്ചിരുന്ന 3500 രൂപയും ആധാര്‍ കാര്‍ഡും ബാങ്ക് പാസ് ബുക്കും തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഉള്‍പ്പെടെ കവരുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ശിവദാസനെ നാട്ടുകാര്‍ ചേർന്ന് ചടയമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചടയമംഗലം എസ്.എച്ച്.ഒ. എന്‍.സുനീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ബുധനാഴ്ച രാവിലെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് ശരത്തിനെ പിടികൂടിയത്. ഇയാളുടെ പേരില്‍ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News