ഭക്ഷണത്തില്‍ ലഭിച്ച കറികളുടെ അടളവ് കുറഞ്ഞ് പോയത് ചോദ്യം ചെയ്തു; ജീവനക്കാരും കുടുംബവും തമ്മില്‍ തര്‍ക്കവും കൈയേറ്റവും; സംഘര്‍ഷത്തില്‍ പ്രതിശ്രുത വരനടക്കം ഏഴ് പേര്‍ക്ക് പരിക്ക്
കട്ടപ്പന: ഇടുക്കി കട്ടപ്പനയിലെ ഒരു ഹോട്ടലില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലേക്ക് തിരിയുകയും ആറ് പേര്‍ക്കും ഹോട്ടല്‍ ജീവനക്കാരനും പരുക്കേല്‍ക്കുകയും ചെയ്തു. ഭക്ഷണം കഴിക്കാനെത്തിയ മ്ലാമല സ്വദേശികളായ കുടുംബാംഗങ്ങളും ഹോട്ടല്‍ ജീവനക്കാരുമാണ് ഏറ്റുമുട്ടിയത്.
ചൊവ്വാഴ്ച ഉച്ചയോടെ വിവാഹവസ്ത്രമെടുക്കാനായി കട്ടപ്പനയിലെത്തിയ ഷംസുവും കുടുംബവും ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണത്തില്‍ ലഭിച്ച കറികളുടെ അളവ് കുറവാണെന്നാരോപിച്ച് കൂടുതല്‍ ആവശ്യമുന്നയിച്ചതോടെയാണ് വാക്കുതര്‍ക്കം ആരംഭിച്ചത്. ഉടന്‍ വാക്കുതര്‍ക്കം കൈയേറ്റത്തിലേക്ക് മാറി.
സംഭവത്തില്‍ ഷംസുവും ബന്ധുക്കളുമുള്‍പ്പെടെ ആറ് പേര്‍ക്കും ഹോട്ടല്‍ ജീവനക്കാരനും പരിക്കേറ്റു. തുടര്‍ന്ന് പരിക്കേറ്റവര്‍ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിയപ്പോള്‍ ആശുപത്രിയില്‍ വച്ച് ഇരു കൂട്ടര്‍ വീണ്ടും സംഘര്‍ഷത്തിലേക്ക് എത്തി. ഉടന്‍ തന്നെ കട്ടപ്പന പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും മാറ്റി സാഹചര്യം നിയന്ത്രിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.