മോനെ..നല്ല കോള് ഒത്തിട്ടുണ്ട് ആഞ്ഞുവലിച്ചോ..; വലയിൽ പിടച്ച് കുടുങ്ങി മീനുകൾ; നല്ല ചാകര കിട്ടിയെന്ന് വിചാരിച്ച മത്സ്യത്തൊഴിലാളികൾക്ക് ഒടുവിൽ നിരാശ; വേദനയോടെ ആ തീരുമാനം; ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി, വലയിൽ കുടുങ്ങിയ മുഴുവൻ മത്തിക്കുഞ്ഞുങ്ങളെയും കടലിലേക്ക് തിരികെ വിട്ട് കരുനാഗപ്പള്ളിയിലെ മത്സ്യത്തൊഴിലാളികൾ മാതൃകാപരമായ ചുവടുവെച്ചു. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നുള്ള 'കാർമൽ' എന്ന ബോട്ടിലെ തൊഴിലാളികളാണ് ഈ ഉദാത്തമായ പ്രവർത്തനം നടത്തിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.
സാധാരണ മത്സ്യബന്ധനത്തിനിടെയാണ് 'കാർമൽ' ബോട്ടിൽ ചാകരപോലെ ധാരാളം മത്തി ലഭിച്ചത്. എന്നാൽ, ലഭിച്ച മത്സ്യത്തിൽ ഭൂരിഭാഗവും പൂർണ്ണ വളർച്ചയെത്താത്ത മത്തിക്കുഞ്ഞുങ്ങളാണെന്ന് തിരിച്ചറിഞ്ഞതോടെ, തൊഴിലാളികൾ അവ വിൽപനയ്ക്ക് വെക്കാതെ കടലിലേക്ക് തിരികെ വിടാൻ തീരുമാനിക്കുകയായിരുന്നു. ഭാവിയിലെ മത്സ്യസമ്പത്തിൻ്റെ ഉറവിടമായ ഈ കുഞ്ഞുങ്ങളെ പിടിക്കുന്നത് ദൂരവ്യാപകമായി കടൽ സമ്പത്തിനെ ബാധിക്കുമെന്ന തിരിച്ചറിവാണ് അവരെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ സർക്കാർ നേരത്തെ തന്നെ ശക്തമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ കേരളത്തിലെ മറ്റ് തീരദേശങ്ങളിലും മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കൂട്ടായ തീരുമാനങ്ങളെടുത്ത് മത്സ്യത്തൊഴിലാളികൾ വലിയൊരു വിഭാഗം ഇത് പിന്തുടരുന്നതിൻ്റെ തുടർച്ചയാണ് ഈ പ്രവർത്തിയും. ഈ പ്രവൃത്തി മത്സ്യത്തൊഴിലാളികൾക്ക് സമൂഹമാധ്യമങ്ങളിൽ അടക്കം വ്യാപകമായ പ്രശംസ നേടിക്കൊടുത്തു.