സാങ്കേതിക തകരാറിനെ തുടർന്ന് കരക്കെത്തിച്ചു; പിന്നാലെ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-11-07 05:32 GMT
കണ്ണൂർ: കണ്ണൂർ അഴീക്കൽ ഹാർബറിൽ മത്സ്യബന്ധന ബോട്ടിൽ തീപിടിച്ചു. മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ ബോട്ടാണ് സാങ്കേതിക തകരാറിനെ തുടർന്ന് അഴീക്കലിൽ കരക്കെത്തിച്ചതിന് പിന്നാലെ തീപിടിച്ചത്. യാത്രക്കാർ ആരും ബോട്ടിലില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.
കടലിൽ വെച്ചാണ് ബോട്ടിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബോട്ടിലുള്ളവർ അഴീക്കൽ ഹാർബറിലേക്ക് തിരികെ എത്തുകയായിരുന്നു. കരയിലെത്തിച്ചതിന് പിന്നാലെയാണ് ബോട്ടിൽ നിന്ന് തീ പടർന്നത്. നാട്ടുകാരും സമീപത്തുണ്ടായിരുന്നവരുമാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങളുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.