കുടുംബ തർക്കം; യുവതിയെയും ഭർത്താവിനെയും കാറിൽ പിന്തുടർന്ന് ആക്രമിച്ച് ബന്ധുക്കൾ; നാല് പേരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു; സംഭവം കുന്നംകുളത്ത്
കുന്നംകുളം: കുടുംബ തർക്കത്തെ തുടർന്ന് യുവതിയെയും ഭർത്താവിനെയും കാറിൽ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ നാല് പേരെ എരുമപ്പെട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഇസ്മായിൽ, ഷിഫാസ്, ജുനൈദ്, മനാഫ് എന്നിവരെയാണ് എരുമപ്പെട്ടി എസ് ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
ഹസീന ഷഫീഖ് അബ്ദുൽ ഖാദർ എന്നിവർക്കാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കുടുംബ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികൾ ഹസീനയും ഷെഫീക്കും സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്തു. കടങ്ങോട് വെച്ചാണ് ആദ്യം ആക്രമണമുണ്ടായത്. തുടർന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി ഷെഫീക്കിനോടും ഭാര്യയോടും കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സ തേടാൻ ആവശ്യപ്പെട്ടു.
ഇതോടെ ആശുപത്രിയിലെത്തിയ ഇരുവരെയും മറ്റൊരു വാഹനത്തിൽ പിന്തുടർന്നെത്തിയ ആക്രമികൾ ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ വെച്ചും ആക്രമിച്ചു. തുടർന്നാണ് എരുമപ്പെട്ടി സബ് ഇൻസ്പെക്ടർ മഹേഷ് കുന്നംകുളം സബ് ഇൻസ്പെക്ടർ ജോസ്, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നാലുപേരെ കസ്റ്റഡിയിലെടുത്തത്.
പിന്നീട് ഷെഫീഖിനും ഹസീനക്കും പരാതിയില്ലെന്ന് സ്റ്റേഷനിൽ എഴുതി നൽകിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തവരെ പോലീസ് വിട്ടയക്കുകയും ചെയ്തു.