സ്വര്‍ണക്കടയില്‍ ബിസിനസ് പങ്കാളിയാക്കാമെന്നും ലാഭവിഹിതം നല്‍കാമെന്നും വാക്കുനല്‍കി തട്ടിപ്പ്; ഒന്നേകാല്‍ കോടി രൂപ തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍
സ്വര്‍ണക്കടയില്‍ ബിസിനസ് പങ്കാളിയാക്കാമെന്നും ലാഭവിഹിതം നല്‍കാമെന്നും വാക്കുനല്‍കി തട്ടിപ്പ്
പന്തളം: സ്വര്‍ണക്കടയില്‍ ബിസിനസ് പങ്കാളിയാക്കാമെന്നും, ലാഭവിഹിതമായി 25 ശതമാനം വീതം മാസംതോറും നല്‍കാമെന്നും വാക്കുനല്‍കി ഒന്നേകാല്‍ കോടി രൂപ തട്ടിയ കേസില്‍ രണ്ടുപേരെ പന്തളം പോലീസ് പിടികൂടി. ഒന്നാം പ്രതി കോഴിക്കോട് ഉണ്ണിക്കുളം പുനൂര്‍ കക്കാട്ടുമ്മല്‍ വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (50), മൂന്നാം പ്രതി കോഴിക്കോട് കിഴക്കോട്, എലൈറ്റ് മുറി ബുസ്‌കനാബാദ് അബ്ദുല്‍ സമദ് (64) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാം പ്രതി നൗഷാദ് ഖാന്‍ വിദേശത്താണ്. കൊട്ടാരക്കര ഓടനാവട്ടം തുറവൂര്‍ ഹൈലാന്‍ഡ് വീട്ടില്‍ രാഹുല്‍ കൃഷ്ണനാണ് കബളിപ്പിക്കപ്പെട്ടത്.
പ്രതികള്‍ ചേര്‍ന്ന് കോഴിക്കോട് പുനൂരില്‍ നടത്തുന്ന മിനാ ജ്വലറിയില്‍ പങ്കാളിയാക്കാമെന്നും, 25 ശതമാനം ലാഭവിഹിതമായി മാസംതോറും 6 ലക്ഷം രൂപയില്‍ കുറയാതെ നല്‍കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്. 2023 ഫെബ്രുവരി 24 ന് അബ്ദുല്‍ ഗഫൂറിന്റെ അക്കൗണ്ടിലേക്ക് രാഹുല്‍ ഒരു കോടി അയച്ചുകൊടുത്തു. തുടര്‍ന്ന്, രണ്ടാം പ്രതിയുടെ പേരില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന വയനാട്ടിലെ റിസോര്‍ട്ടില്‍ രണ്ട് കിടക്കകളുള്ള വില്ലയുടെ ഉടമസ്ഥാവകാശം 50 ലക്ഷം രൂപയ്ക്ക് നല്‍കാമെന്ന് വാക്കുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 25 ലക്ഷം മാര്‍ച്ച് എട്ടിനു പന്തളം ഫെഡറല്‍ ബാങ്ക് അക്കൗണ്ട് മുഖേന അയച്ചുകൊടുത്തു. കൊട്ടാരക്കര എസ് ബി ഐ യില്‍ നിന്നും രാഹുലിന്റെ ഭാര്യാപിതാവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച തുകവാങ്ങിയാണ് പ്രതിക്ക് കൈമാറിയത്.
തുടര്‍ന്ന് ലാഭവിഹിതം നല്‍കുകയോ, കച്ചവടത്തില്‍ പങ്കാളിയാക്കുകയോ ചെയ്തില്ല. കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ യുവാവ് പരാതി നല്‍കുകയും അവിടെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പന്തളത്താണ് ബാങ്ക് ഇടപാടുകള്‍ നടന്നത് എന്നതിനാല്‍, എഫ് ഐ ആര്‍ ഇങ്ങോട്ട് അയച്ചു കിട്ടുകയാല്‍ ഇവിടെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരിന്നു.പന്തളം പോലീസ് ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിച്ചു.
ഒന്നാം പ്രതി ഒരുകോടി രൂപ പലതവണയായി പിന്‍വലിച്ചതായും ഉപയോഗിച്ചതായും കണ്ടെത്തി. രണ്ടാം പ്രതി 25 ലക്ഷം മാറിയെടുത്തതിന്റെ തെളിവുകളും ലഭിച്ചു. പിന്നീട് പ്രതികള്‍ക്കായി നടത്തിയ വ്യാപകമായ അന്വേഷണത്തില്‍ അബ്ദുല്‍ ഗഫൂര്‍ പുനൂരിലെ വീട്ടില്‍ ഉണ്ടെന്ന് രഹസ്യവിവരം കിട്ടിയതുപ്രകാരം പോലീസ് അവിടെയെത്തി ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അബ്ദുല്‍ സമദിനെയും അയാളുടെ വീട്ടിലെത്തി പിടികൂടി. പന്തളം സ്റ്റേഷനില്‍ എത്തിച്ച് നിയമനടപടികള്‍ക്ക് ശേഷം വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.