ശിക്ഷ വിധിക്കാന്‍ മണിക്കൂറുകള്‍ മാത്രം; കോടതിയില്‍ നിന്നും മുങ്ങി പോക്‌സോ കേസ് പ്രതി

ശിക്ഷ വിധിക്കാന്‍ മണിക്കൂറുകള്‍ മാത്രം; കോടതിയില്‍ നിന്നും മുങ്ങി പോക്‌സോ കേസ് പ്രതി

Update: 2026-02-18 04:12 GMT

കരുനാഗപ്പള്ളി: ശിക്ഷ വിധിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പോക്‌സോ കേസ് പ്രതി കോടതിയില്‍നിന്നു കടന്നുകളഞ്ഞു. അസം സ്വദേശി സിറാജുല്‍ ഹഖ് (36) ആണ് കരുനാഗപ്പള്ളി പോക്‌സോ അതിവേഗ കോടതിയില്‍നിന്നു കടന്നത്. ജാമ്യത്തിലായിരുന്ന പ്രതിയെ വിധി പറയുന്നതിനായി ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സംഭവം. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ക്കെതിരേ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു.

പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ സമയം എല്ലാം ഇയാള്‍ കോടതയില്‍ ഉണ്ടായിരുന്നു. ശിക്ഷ വിധിക്കും മുന്‍പാണ് പ്രതി ആരുമറിയാതെ സ്ഥലം വിട്ടത്. വിവിധ വകുപ്പുകള്‍ പ്രകാരം 23 വര്‍ഷം തടവും 2,10,000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്തപക്ഷം ആറുമാസം അധിക തടവ് അനുഭവിക്കണം. പ്രതി ശാസ്താംകോട്ട മൈനാഗപ്പള്ളിയിലുള്ള ഒരു ഇഷ്ടികക്കമ്പനിയില്‍ ജോലി ചെയ്യവെയാണ് അസം സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഭാര്യയാണെന്നാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി മൈനാഗപ്പള്ളിയിലുണ്ടെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നറിഞ്ഞ ബന്ധുക്കള്‍ വിവരം ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും പെരിന്തല്‍മണ്ണ പോലീസ് കേസെടുക്കുകയും ചെയ്തു. തുടരന്വേഷണത്തിനായി കേസ് ശാസ്താംകോട്ട പോലീസിന് കൈമാറി. ശാസ്താംകോട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ. അനൂപാണ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 20 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രേംചന്ദ്രന്‍ കോടതിയില്‍ ഹാജരായി.

Tags:    

Similar News