ഉയർന്ന പലിശ വാഗ്ദാനം നൽകി പണം സ്വീകരിച്ചു; കാലാവധി കഴിഞ്ഞിട്ടും നിക്ഷേപ തുക തിരികെ നൽകിയില്ല; ഒളിവിൽ പോയ സ്ഥാപന ഉടമ പോലീസിന്റെ പിടിയിൽ
ഏടക്കര: നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ കേസിലെ പ്രധാന പ്രതി കൊച്ചിയിൽ പൊലീസിന്റെ പിടിയിലായി. നെടുംപറമ്പിൽ നിധി ലിമിറ്റഡ് സ്ഥാപന ഉടമ കൊച്ചി നെട്ടൂർ പനങ്ങാട് ഐ.എൻ.ടി.യു.സി ജങ്ഷൻ സ്വദേശി ജോഹൻ ജോർജി ജയിംസ് (39) ആണ് എടക്കര പോലീസിന്റെ പിടിയിലായത്.
ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് കോടികൾ സ്വീകരിച്ച്, കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാതെ കബളിപ്പിച്ച കേസിലാണ് ഇയാളുടെ അറസ്റ്റ്. തട്ടിപ്പ് നടത്തിയശേഷം മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ജോഹൻ രണ്ടു ദിവസം മുമ്പാണ് നെട്ടൂരിലെ ഫ്ലാറ്റിൽ എത്തിയത്. എടക്കര പൊലീസ് രജിസ്റ്റർ ചെയ്ത പത്ത് കേസുകളിൽ മാത്രം മൂന്നു കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയിട്ടുള്ളത്.