പോലീസിനെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി; യുവാവിനെ പിന്തുടർന്ന് പിടികൂടി പോലീസ്; പരിശോധനയില്‍ കണ്ടെടുത്തത് 3.9244 കിലോഗ്രാം കഞ്ചാവ്
മണ്ണാര്‍ക്കാട്: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. ചെത്തല്ലൂര്‍ ആനക്കുഴി വീട്ടില്‍ പ്രകാശനാണ് (36) മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായത്. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പരിശോധനയില്‍ വിൽപ്പനയ്ക്കെത്തിച്ച 3.9244 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി 8.50ഓടെയാണ് പോലീസ് തെങ്കര മെഴുകുംപാറയിലേക്ക് പോകുന്ന കനാല്‍ റോഡിലെത്തിയത്. ഈ സമയം പ്രതികൾ ബൈക്കിൽ ഇരിക്കുകയായിരുന്നു. പോലീസിനെ കണ്ടതോടെ ഇരുവരും ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു. പ്രകാശനെ പിന്തുടര്ന്ന് പിടികൂടിയെങ്കിലും കൂടെയുണ്ടായിരുന്നയാളെ കണ്ടെത്താനായില്ല.
പ്രകാശന്റെ പക്കലുണ്ടായിരുന്ന ബാഗില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ബൈക്കും കസ്റ്റഡിയിലെടുത്തു. എസ്.ഐ എ.കെ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എസ്.ഐ ഷാഹുല്‍ ഹമീദ്, എസ്.സി.പി.ഒ വിനോദ്, സി.പി.ഒമാരായ സ്മിജേഷ്, വിപിന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്. നടപടിക്രമങ്ങള്‍ക്കായി നാട്ടുകല്‍ സി.ഐ എ. ഹബീബുല്ലയും സ്ഥലത്തെത്തിയിരുന്നു.