സ്കൂൾ പരിസരത്തുനിന്ന് കഞ്ചാവുമായി യുവാക്കൾ പിടിയിൽ; വലയിലായത് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ സ്കൂളിന് സമീപത്ത് നിന്ന് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാക്കൾ പിടിയിൽ. എറണാകുളം ചെറായി സ്വദേശി നടുമുറി വീട്ടിൽ അക്ഷയ് (24), കോതപറമ്പ് തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് യാസിൻ (20), എറിയാട് പി.എസ്.എൻ കവല പുതിയ വീട്ടിൽ അബ്ദുറഹ്മാൻ (21) എന്നിവരെയാണ് പോലീസിന്റെ പിടിയിലായത്. കൊടുങ്ങല്ലൂർ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾക്കെതിരെ കഞ്ചാവ് വിൽപനക്കായി കൈവശം വെച്ച കുറ്റത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൂടി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. അക്ഷയ് നേരത്തേ അടിപിടിക്കേസിലും കഞ്ചാവ് കേസിലും പ്രതിയാണ്. അബ്ദുറഹ്മാൻ കൊടുങ്ങല്ലൂർ, മണ്ണുത്തി പോലീസ് സ്റ്റേഷനുകളിൽ രണ്ട് കഞ്ചാവ് കേസുകളിലും മയക്ക് മരുന്ന് ഉപയോഗിച്ച രണ്ട് കേസുകളിലും പ്രതിയാണ്. ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർമാരായ കെ. സാലിം, സജിൽ, ജൂനിയർ .എസ്.ഐ ജിജേഷ്, എ.എസ്.ഐ ഉമേഷ്, ജി.എസ്.സി.പി.ഒ ജിജിൻ എന്നിവരാണ് അറസ്റ്റ് നടത്തിയത്.