കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പോലീസ് പിടിയില്‍
കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പോലീസ് പിടിയില്‍
പന്തളം: കഞ്ചാവ് കൈവശം വെച്ചതിന് പശ്ചിമ ബംഗാള്‍ സ്വദേശിയെ ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് പിടികൂടി. കൂച്ച് ബിഹാര്‍ ദിബാരി ചോട്ടഹാല്‍ ബോക്‌സി ഗഞ്ച് പി ഓയില്‍ ദിബാരി ബോട്ടിഡാംഗ അരുണ്‍ ബര്‍മന്‍(34) ആണ് ഇന്നലെ രാത്രി 10.15 ന് കുരമ്പാല പുത്തന്‍കാവ് ദേവീ ക്ഷേത്രത്തിനു സമീപത്തുനിന്നാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളും, ജോലി ചെയ്യൂന്ന ഇടങ്ങളും കേന്ദ്രീകരിച്ച് ഡാന്‍സാഫിന്റെയും ലോക്കല്‍ പോലീസിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നിരന്തര പരിശോധനകള്‍ നടന്നുവരികയാണ്.
ഇതിന്റെ ഭാഗമായി നടത്തിയ സംയുക്ത റെയ്ഡിലാണ് അതിഥി തൊഴിലാളി പിടിയിലായത്. ഇയാളില്‍ നിന്നും 125 ഗ്രാമോളം കഞ്ചാവ് പിടികൂടി.
നാട്ടില്‍ പോയിവന്നപ്പോള്‍ എത്തിച്ചതാണ് കഞ്ചാവ്. അതിഥി തൊഴിലാളികള്‍ക്ക് വില്‍ക്കാന്‍ കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.അടൂര്‍ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തിലും, പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടിഡി പ്രജീഷിന്റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്.
മൂന്ന് പ്ലാസ്റ്റിക് കവറുകളിലായി പൊതിഞ്ഞ് കൈലിയുടെ മടിക്കുത്തില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ നീക്കം. റെയ്ഡ് നടത്തിയ സംഘത്തില്‍ ഡാന്‍സാഫ് ടീമും, പന്തളം എസ് ഐ അനീഷ് ഏബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ജില്ലയില്‍ ഇത്തരം പരിശോധനകള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കുരമ്പാല സര്‍വീസ് സഹകരണ ബാങ്കിന് സമീപമുള്ള ഹോളോബ്രിക്‌സ് കമ്പനിയിലെ തൊഴിലാളിയായ ഇയാള്‍ കൈലിമുണ്ടും അരക്കൈ ഷര്‍ട്ടും ധരിച്ച ഗേറ്റ് തുറന്ന് പുറത്തേക്ക് വരുന്നത് കണ്ടു പോലീസ് തടഞ്ഞു പിടിക്കുകയായിരുന്നു. പോലീസിനെ കണ്ട് ഓടിപ്പോകാന്‍ ഇയാള്‍ ശ്രമിച്ചു. സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് കൈലിയുടെ മടിക്കുത്തില്‍ പ്ലാസ്റ്റിക് കവറില്‍ മൂന്ന് പൊതികളിലായി കഞ്ചാവ് കണ്ടെത്തി. വിശദമായി ചോദ്യം ചെയ്തതിനു ശേഷം രാത്രി 10.30 ന് അറസ്റ്റ് രേഖപ്പെടുത്തി. പന്തളം പോലീസ് സ്റ്റേഷനിലെ സിപിഓ മാരായ കൃഷ്ണലാല്‍, അരുണ്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.