റോഡരികിൽ നിർത്തിയിട്ട കാറിൽ പരിശോധന; പൊലീസ് കണ്ടെടുത്തത് 10 കിലോഗ്രാം കഞ്ചാവ്; നാലംഗ സംഘം പിടിയിൽ
കായംകുളം: ഓണാഘോഷത്തോടനുബന്ധിച്ച് വിൽപനക്കായി എത്തിച്ച 10 കിലോഗ്രാം കഞ്ചാവും 1,78,750 രൂപയുമായി നാലംഗ സംഘം അറസ്റ്റിൽ. ഇലിപ്പക്കുളം നാമ്പുകളങ്ങരയിൽ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് പ്രതികൾ പിടിയിലായത്. ഇവരിൽ രണ്ടുപേർക്ക് മയക്കുമരുന്ന് കച്ചവടത്തിൽ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. ഭരണിക്കാവ് കട്ടച്ചിറ യൂസഫ് മൻസിൽ യൂസഫ് (27), കൃഷ്ണപുരം കാപ്പിൽ കിഴക്ക് നല്ലേത്ത് പുത്തൻപുരയിൽ റിയാസ് ഖാൻ (44), ഭരണിക്കാവ് കട്ടച്ചിറ വി. വി. ഭവനത്തിൽ വിനീത് (29), കറ്റാനം ഇലിപ്പക്കുളം കല്ലേത്ത് വീട്ടിൽ മുഹമ്മദ് അമീൻ (33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വള്ളികുന്നം പൊലീസും ചേർന്ന് പിടികൂടിയത്.
നാമ്പുകളങ്ങര കുരിശുംമൂടിനു സമീപത്തുവെച്ച് നിർത്തിയിട്ടിരുന്ന കാറിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് രണ്ടു പ്ലാസ്റ്റിക് കവറുകളിലാക്കി ചാക്കിൽക്കെട്ടി വാഹനത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ റിയാസ് ഖാൻ വർഷങ്ങളായി മയക്കുമരുന്ന് കച്ചവടം നടത്തുന്നയാളാണെങ്കിലും ആദ്യമായാണ് ലഹരിവസ്തുക്കളുമായി പിടിയിലാകുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച റിയാസ് ഖാന്റെ വീട്ടിൽ നിന്ന് 3.590 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു.
പൊലീസെത്തിയപ്പോൾ ഇയാൾ കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കായംകുളം, കൃഷ്ണപുരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രധാന വില്പന. ഒന്നാം പ്രതി യൂസഫും സംഘവും ഒഡിഷ അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തിവരുന്നതായി പൊലീസ് കണ്ടെത്തി. നാലാം പ്രതി അമീനും മൂന്നു മയക്കുമരുന്ന് കേസുകളിലും ഒന്നാം പ്രതി യൂസഫ് ഒരു കേസിലും ഉൾപ്പെട്ടിട്ടുണ്ട്.
നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ്, ചെങ്ങന്നൂർ ഡിവൈഎസ്‌പി എം. കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ വള്ളികുന്നം എസ്‌ഐ കെ. ദിജേഷ്, എഎസ്‌ഐ റെജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ സന്തോഷ്‌കുമാർ, സിവിൽ പൊലീസ് ഓഫിസര്‍മാരായ അൻഷാദ്, അഖിൽ, പ്രപഞ്ചേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.